11:22am
5/2/2016
കൊച്ചി: കയര്‍ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതു പരിഗണനയിലാണെന്നു കേന്ദ്ര ലഘു, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി കല്‍രാജ് മിശ്ര പത്രസമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ആലപ്പുഴ ജില്ലയിലാണു സ്റ്റാര്‍ട്ടപ്പ് തുടങ്ങുക. ഇതു സംബന്ധിച്ച് ഒരു പദ്ധതി നിര്‍ദേശം കയര്‍ ബോര്‍ഡ് സമര്‍പ്പിച്ചിരുന്നു. ഇതു സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്.
എംഎസ്എംഇ മന്ത്രാലയത്തിന്റെ കീഴില്‍ തഞ്ചാവൂര്‍, രാജമുണ്‍ഡ്രി, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ കയര്‍ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാതൃകയില്‍ തന്നെയായിരിക്കും ആലപ്പുഴയില്‍ സ്റ്റാര്‍ട്ടപ്പ് നിലവില്‍ വരുക.
ആലപ്പുഴ കലവൂരിലെ കയര്‍ ഗവേഷണ കേന്ദ്രവും ബംഗളൂരുവിലെ കയര്‍ ബോര്‍ഡ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ടും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും.
രാജ്യത്ത് പുതിയ 14 കയര്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കുന്നതിനു ഭരണാനുമതി നല്‍കിയിട്ടുണ്ട്. 55 കോടി രൂപയാണ് ഇതിനായി ചെലവാകുക. ഇതില്‍ 40 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റായി നല്‍കും.
പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കയര്‍ ഉത്പന്നങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തി രാജ്യത്തിനു പുറത്തേക്ക് ഉത്പന്നങ്ങള്‍ വിപണനംചെയ്യും. 2015-16 കാലഘട്ടത്തില്‍ നവംബര്‍ വരെ 1,116.63 കോടി രൂപയുടെ 4,30,290 മെട്രിക് ടണ്‍ ഉത്പന്നങ്ങളുടെ കയറ്റുമതി ഉണ്ടായി. ഈ വര്‍ഷത്തെ അന്താരാഷ്ട്ര കയര്‍ ഫെയര്‍ ജൂലൈ 15, 16 തീയതികളിലായി കോയമ്പത്തൂരില്‍ നടക്കുമെന്നും മിശ്ര പറഞ്ഞു.