10:00 pm 15/10/2016
ജോജോ കോട്ടൂര്‍
ഫിലാഡല്‍ഫിയ : ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ, ഇരുപാര്‍ട്ടികളിലെയും പ്രമുഖരെ ഉള്‍പ്പെടുത്തി വാശിയേറിയ തെരഞ്ഞെടുപ്പ് സംവാദത്തിന് കല മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ കളമൊരുക്കുന്നു.
ഒക്ടോബര്‍ 23-നു ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഫറന്‍സ് ഹാളില്‍ (1001 UNRUH AVE, Philadelphia PA 19111) വെച്ചാണ് തെരഞ്ഞെടുപ്പ് സംവാദം അരങ്ങേറുക.
പ്രബുദ്ധരായ പൗരസമൂഹത്തിന് ഇരുപാര്‍ട്ടികളിലെയും നയങ്ങളും നിലപാടുകളും കൂടുതല്‍ വ്യക്തമാകുന്നതു വഴി കൃത്യമായ രാഷ്ട്രീയദിശാബോധം കൈവരിക്കുവാന്‍ പ്രസ്തുത പൊളിറ്റിക്കല്‍ ഡിബേറ്റ് ഉപകരിക്കും എന്ന് കലാ പ്രസിഡന്റ് സണ്ണി എബ്രഹാം, കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് മാത്യു സിപിഎ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.