കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്; സുഹൃത്തുക്കളായ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു

08:07am 18/3/2016

Newsimg1_32936464
കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു. മണിയുടെ പാഡിയില്‍ ഉണ്ടായിരുന്ന ജോലിക്കാരും സുഹൃത്തുക്കളുമായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മണിയുടെ സഹോദരന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മണിയുടെ മരണത്തില്‍ പാഡിയിലെത്തിയ എല്ലാവരെയും സംശയമുണ്ടെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.
പാഡിയിലെത്തിയ എല്ലാവരും മദ്യപിച്ചിരുന്നതായി മണിയുടെ മാനേജര്‍ പറഞ്ഞതായി സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞു. അങ്ങനെയുള്ള സാഹചര്യത്തില്‍ മണിയുടെ ശരീരത്തില്‍ മാത്രം മീഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയത് സംശയാസ്പദമാണ്. ബിയര്‍ മാത്രം കഴിച്ചിരുന്ന മണിയുടെ ശരീരത്തില്‍ എങ്ങനെ മീതൈല്‍ ആല്‍ക്കഹോള്‍ എത്തിയെന്നത് സംശയത്തിന് ഇടനല്‍കുന്നതായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍ പറയുന്നു.
മണിക്കൊപ്പം പാഡിയിലുണ്ടായിരുന്ന തലേദിവസം മണിയ്‌ക്കൊപ്പം ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കിയും തരികിട സാബുവും അടക്കം എല്ലാവരെയും സംശയമുണ്ട്. ചേട്ടന്റെ ജോലിക്കാരെയും സംശയമുണ്ടെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.
അരുണ്‍, വിപിന്‍, മുരുകന്‍ തുടങ്ങി മണിയുടെ സഹായികളുടെ പേര് പരാമര്‍ശിച്ചാണ് രാമകൃഷ്ണന്‍ സംശയം ഉന്നയിച്ചത്. ഇക്കാര്യം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന കാര്യം തന്നെയോ കുടുംബാംഗങ്ങളെയോ അറിയിച്ചില്ലെന്ന് സഹോദരന്‍ പറയുന്നു. പാഡി തിരക്കിട്ട് വൃത്തിയാക്കിയതും സംശയം ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ആശുപത്രിയില്‍ എത്തിയപ്പോഴേയ്ക്കും മണിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നതായും രാമകൃഷ്ണന്‍ പറയുന്നു.
മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കൂടുതലായി കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞതായി രാമകൃഷ്ണന്‍ പറയുന്നു.
മണിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കൂടെയുണ്ടായിരുന്നവരോട് മണിക്ക് എന്ത് ഭക്ഷണമാണ്, മദ്യമാണ് നല്‍കിയതെന്ന് ഡോക്ടര്‍മാര്‍ അന്വേഷിച്ചിരുന്നതായും അദ്ദേഹം പറയുന്നു. മണിക്ക് മദ്യം ഒഴിച്ചുകൊടുത്തവരെയും ജോലിക്കാരെയും സംശയമുള്ളതായി രാമകൃഷ്ണന്‍ പറയുന്നു.