തൃശൂര്‍: മലയാളികളുടെ പ്രിയ നടന്‍ ജയസൂര്യ കായല്‍ കൈയേറിയതായി പ്രസ്ഥാവിച്ച് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കി . കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വെയര്‍ രാജീവ് ജോസഫ് സ്ഥലം അളന്നതിന്റെ വിശദാംശങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ടില്‍ കൈയേറ്റം പൊളിച്ചുനീക്കാന്‍ ജയസൂര്യക്ക് നോട്ടീസ് നല്‍കിയതായും പറയുന്നു. റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച കോടതി കേസ് ഈ മാസം 22 ലേക്ക് മാറ്റി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാകും ഇനി കേസ് പരിഗണിക്കുക.
പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ്‌കുമാര്‍ നല്‍കിയ ഹരജിയിലാണ് കൈയേറ്റം അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. താലൂക്ക് സര്‍വെയറെ കൊണ്ട് അളന്ന് തിട്ടപ്പെടുത്തി ചൊവ്വാഴ്ച റിപ്പോര്‍ട്ട് ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു. കൊച്ചുകടവന്ത്ര ഭാഗത്ത് ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ചതുരശ്ര അടി വീടും നിര്‍മിച്ചത് ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയേറിയാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചെന്നുമായിരുന്നു ഗിരീഷ്ബാബുവിന്റെ പരാതി. മൂന്ന് സെന്റ് 700 സ്‌ക്വയര്‍ ലിങ്ക്‌സ് കായല്‍ കൈയേറിയതായി കണയന്നൂര്‍ താലൂക്ക് സര്‍വെയറുടെ പരിശോധനയില്‍ കണ്ടത്തെി. നേരത്തെ കൊച്ചി കോര്‍പറേഷന് ഗിരീഷ്ബാബു പരാതി നല്‍കിയതിനത്തെുടര്‍ന്ന് ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് കൈയറ്റം നടന്നതായി നഗരസഭക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 14 ദിവസത്തിനകം നിര്‍മാണം സ്വന്തം ചെലവില്‍ പൊളിച്ച് മാറ്റാന്‍ 2014 ഫെബ്രുവരി 28ന് നഗരസഭ ഉത്തരവിട്ടെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് കോര്‍പറേഷന്‍ മുന്‍ സെക്രട്ടറി വി.ആര്‍. രാജു, മുന്‍ അസി.എക്‌സി. എന്‍ജിനീയര്‍ എന്‍.എം. ജോര്‍ജ്, നിലവിലെ അസി.എക്‌സി.എന്‍ജിനീയര്‍ എ. നിസാര്‍, കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വെയര്‍ രാജീവ് ജോസഫ്, നടന്‍ ജയസൂര്യ എന്നിവരെ എതിര്‍കക്ഷികളാക്കി വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ 19ന് ഗിരീഷ്ബാബു നല്‍കിയ ഹരജിയില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ജനുവരി ആറിന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേസ് പരിഗണിച്ചപ്പോള്‍ സെക്രട്ടറിയോ പ്രതിനിധിയോ ഹാജരാകുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തില്ല. നടപടികളിലെ വീഴ്ച കോടതിയലക്ഷ്യമായി കണക്കാക്കണമെന്ന ഹരജിക്കാരന്റെ ആവശ്യത്തില്‍ കാരണം ബോധിപ്പിക്കാനും 12ന് നേരിട്ട് ഹാജരാവാനും കോടതി നിര്‍ദേശിച്ചു.