03:01 pm 2/11/2016
കേന്ദ്ര സര്‍ക്കാര്‍ ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ദില്ലി ജന്തര്‍ മന്ദറില്‍ വിമുക്തഭടന് ആത്മഹത്യ ചെയ്തു. രാം കിഷന് ഗ്രെവാള്‍ എന്നയാളാണ് കേന്ദ്ര സര്‍ക്കാര്‍ വിമുക്ത ഭടന്മാരോട് കാണിക്കുന്ന അവണനയില്‍ പ്രതിഷേധിച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
ഒരു കൂട്ടം പ്രതിഷേധക്കാര്‍ക്കൊപ്പം പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ സന്ദര്‍ശിക്കാനായി കാത്തിരിക്കുന്നതിനിടയിലാണ് 69 കാരനായ രാം കിഷന് വിഷം കഴിച്ചതെന്ന് ദില്ലി കന്റോണ്‍മെന്റ് എം.എല്‍.എ കമാന്റോ സുരേന്ദര്‍ പറഞ്ഞു. പ്രതിരോധ മന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാന്‍ ഇന്നലെയും അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. മറ്റ് സൈനികര്‍ക്ക് വേണ്ടി താന്‍ സ്വന്തം ജീവന് ബലി നല്‍കുകയാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് മുമ്ബ് ബന്ധുക്കളെ ഫോണില്‍ വിളിച്ച് അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും അറിയിച്ചു. ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിയടക്കമുള്ള വിമുക്ത ഭടന്മാരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നാണ് ഫോണില്‍ വിളിച്ച് അറിയിച്ചതെന്ന് അദ്ദേഹത്തിന്റെ മകന് മാധ്യമങ്ങളോട് പറഞ്ഞു.
വിമുക്ത ഭടന്മാരോടുള്ള വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ നിറവേറ്റിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന പുറത്തുവന്ന് ആഴ്ചകള്‍ക്ക് ശേഷം നടക്കുന്ന ആത്മഹത്യ കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.