തിരുവനന്തപുരം: കുറച്ച് ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിനൊടുവില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ പിളര്‍പ്പ് ഉറപ്പായി. ജോസഫ് ഗ്രൂപ്പിലെ ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്കുന്ന വിമതവിഭാഗം ഇടത് മുന്നണിയുമായി സഹകരിക്കുന്നത് സംബന്ധിച്ച് ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താനായി ഫ്രാന്‍സിസ് ജോര്‍ജ് ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. പിളര്‍പ്പ് ഒഴിവാക്കാനുള്ള പി.ജെ. ജോസഫിന്റെ അവസാനശ്രമവും പാളിയതിനെ തുടര്‍ന്നാണ് നടപടി.
ജോസഫ് വിഭാഗം നേതാക്കളായ ആന്റണി രാജുവും ഡോ. കെ.സി ജോസഫും പി.സി ജോസഫും ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം പാര്‍ട്ടി വിടും. സി.പി.എം കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും കേരള കോണ്‍ഗ്രസ് വിമതരെ സ്വീകരിക്കുന്നതില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, യു.ഡി.എഫിനെ തള്ളിപ്പറയണമെന്ന ആവശ്യം ഇവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിന് കോതംമഗലം സീറ്റ് എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
സമവായ ശ്രമമെന്ന നിലയില്‍ അധികം സീറ്റ് ഫ്രാന്‍സിസ് ജോര്‍ജിന് നല്‍കാമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി ചെയര്മാന് കെ.എം മാണി അറിയിച്ചിരുന്നു. എന്നാല്‍, ഈ സീറ്റ് കോണ്‍ഗ്രസ് നല്‍കണമെന്നായിരുന്നു കെ.എം മാണിയുടെ ആവശ്യം. കേരള കോണ്‍ഗ്രസിന് അധിക സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതോടെ സമവായ ശ്രമങ്ങള്‍ വഴിമുട്ടുകയായിരുന്നു.
നിയമസഭ സീറ്റല്ല പ്രശ്നമെന്ന് വിമത നേതാക്കള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജോസ് കെ. മാണിയെ പാര്‍ട്ടി തലപ്പത്ത് അവരോധിക്കാനുള്ള മാണിയുടെ നീക്കം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് കടുത്ത നിലപാടിന് പിന്നില്‍ എന്നാണ് വിമത നേതാക്കള്‍ വ്യക്തമാക്കുന്നത്