കോംപാക്ട് സൂ കാമറകളുമായി നിക്കോണ്‍

01:40pm 10/3/2016
Nikon_B500_ndtv
സാധാരണ മൊബൈലുകളില്‍ കാണുന്ന സൂം ഡിജിറ്റല്‍ സൂമാണ്. അതില്‍ ചിത്രത്തിന്റെ അരികുകള്‍ കളഞ്ഞ് നടുഭാഗം മാത്രം വലിപ്പത്തിലാക്കുന്നതിനാല്‍ വ്യക്തത കുറവായിരിക്കും. എന്നാല്‍ കാമറകളിലെ ഒപ്റ്റിക്കല്‍ സൂം ലെന്‍സുകളുപയോഗിച്ച് വസ്തുവിനെ അടുപ്പിച്ച് കാട്ടുകയാണ് ചെയ്യുന്നത്. അതിനാല്‍ ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്നവര്‍ മിഴിവുറ്റ ചിത്രം വേണമെങ്കില്‍ സ്മാര്‍ട്ട്‌ഫോണിന് പകരം കാമറകള്‍ കരുതുന്നത് നന്നായിരിക്കും.
മൂന്ന് കാമറകളുമായാണ് ജപ്പാന്‍ കമ്പനി നിക്കോണ്‍ ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ളവരെ ആകര്‍ഷിക്കാനത്തെുന്നത്. കോംപാക്ട് സൂം വിഭാഗത്തില്‍പെട്ട നിക്കോണ്‍ കൂള്‍പിക്‌സ് A900, B700, B500 എന്നിവയാണ് ഈ മൂവര്‍സംഘം. 27, 000 രൂപ, 33,500 രൂപ, 20,000 രൂപ എന്നിങ്ങനെയാണ് ഏകദേശ വില. എടുത്ത പടം കമ്പ്യൂട്ടറില്‍ ശേഖരിക്കാനും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാനും ബ്‌ളൂടൂത്ത് ലോ എനര്‍ജി, എന്‍എഫ്‌സി, വൈ ഫൈ കണക്ടിവിറ്റികള്‍ (സ്‌നാപ് ബ്രിഡ്ജ്) സഹായിക്കും. ഫോണുമായി നിരന്തരം സമ്പര്‍ക്കത്തിലായിരിക്കാന്‍ കുറഞ്ഞ ഊര്‍ജമുപയോഗിക്കുന്ന ബ്‌ളൂടൂത്ത് ലോ എനര്‍ജിക്ക് കഴിയും.

കൂള്‍പിക്‌സ് A900ല്‍ 35x ഒപ്റ്റിക്കല്‍ സൂമാണുള്ളത്. 20 മെഗാപിക്‌സല്‍ ബിഎസ്‌ഐ സിമോസ് സെന്‍സറാണ് ദൃശ്യങ്ങള്‍ പൊലിമ ചോരാതെ പകര്‍ത്തുക. സെക്കന്‍ഡില്‍ 30 ഫ്രെയിം വീതം ഫോര്‍കെ വീഡിയോ ഷൂട്ട് ചെയ്യാനും കഴിയും. 920 kdot റസലൂഷനുള്ള മൂന്ന് ഇഞ്ച് ഡിസ്പ്‌ളേ ചായ്ച്ചും ചെരിച്ചും ചലിപ്പിക്കാം.

കൂള്‍പിക്‌സ് B700ല്‍ 20.3 മെഗാപിക്‌സല്‍ ബിഎസ്‌ഐ സിമോസ് സെന്‍സര്‍, വന്യജീവി ഫോട്ടോഗ്രഫിക്ക് പറ്റിയ 60x ഒപ്റ്റിക്കല്‍ സൂം, സെക്കന്‍ഡില്‍ അഞ്ച് ഫ്രെയിം വീതം ബേര്‍സ്റ്റ് മോഡ്, ചലിപ്പിക്കാവുന്ന മൂന്ന് ഇഞ്ച് ഡിസ്പ്‌ളേ, ഫോര്‍കെ വീഡിയോ റെക്കോര്‍ഡിങ് പിന്തുണ, ചിത്രത്തിന്റെ മിഴിവ് ചോരാതെ സേവ് ചെയ്യാന്‍ കംപ്രസ് ചെയ്യാത്ത റോ ഫോര്‍മാറ്റ് പിന്തുണ എന്നിവയുണ്ട്.

കൂള്‍പിക്‌സ് B500ല്‍ 16 മെഗാപിക്‌സല്‍ ബിഎസ്‌ഐ സിമോസ് സെന്‍സറാണ്. 40x ഒപ്റ്റിക്കല്‍ സൂം, ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിങ്, അറിയാതെ കൈ കുലുങ്ങിയാല്‍ ശരിയാക്കാന്‍ ഹൈ ബ്രിഡ് വിആര്‍ സംവിധാനം, ചലിപ്പിക്കാവുന്ന മൂന്ന് ഇഞ്ച് 920 Kdot ഡിസ്പ്‌ളേ എന്നിവയാണ്. റീചാര്‍ജ് ചെയ്യാവുന്ന ലിഥിയം അയണ്‍ ബാറ്ററിക്ക് പകരം സാദാ AA ബാറ്ററികളാണ് ഇതില്‍ ഉപയോഗിക്കുക.