ചികിത്സകിട്ടാതെ ആദിവാസി പെണ്‍കുട്ടി മരിച്ചതായി പരാതി

26-03-2016
TRIBAL-pQcXy
പാലക്കാട്: യഥാസമയം ചികിത്സകിട്ടാതെ ആദിവാസി പെണ്‍കുട്ടി മരിച്ചതായി പരാതി. മഞ്ഞപ്പിത്തം ബാധിച്ച പെണ്‍കുട്ടിയെ, നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
നിലമ്പൂര്‍ പാട്ടക്കരിമ്പ് കോളനിയിലെ കറുപ്പന്‍-സീത ദമ്പതികളുടെ മകളാണ് മരിച്ച വിജിഷ. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് നിലമ്പൂരില്‍ നിന്ന് കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലേക്കെത്തിക്കും വഴിയാണ് വിജിഷ മരിച്ചത്. നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍.എസിലെ വിദ്യാര്‍ഥിയായ വിജിഷയെ ദിവസങ്ങള്‍ക്ക് മുമ്പാണ് അസുഖം മൂലം ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നത്.
നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ചികിത്സ തേടിയെങ്കിലും കുട്ടിയുടെ രോഗമെന്തെന്ന് ഡോക്ടമാര്‍ വെളിപ്പെടുത്തിയില്ലത്രെ.
അസുഖം കൂടിയപ്പോള്‍ ബുധനാഴ്ച നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഗദ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കോഴിക്കോട്ടെത്തുമ്പോഴേക്കും കുട്ടി മരിച്ചു. യഥാസമയം ചികിത്സ കിട്ടാത്തതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി.
നിലമ്പൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അലംഭാവം കാണിച്ചെന്നാരോപിച്ച് പൊലീസില്‍ പരാതി നല്‍കാനിരിക്കുകയാണ് ബന്ധുക്കള്‍. പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥരും സ്‌കൂള്‍ അധികൃതരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നിലമ്പൂര്‍ ആശുപത്രിയില്‍ ആദിവസികള്‍ അവണന നേരിടുന്നത് പതിവാണെന്നും പരാതി ഉയരുന്നുണ്ട്.