12:02pm 24/2/2016
ഛണ്ഡീഗഡ്: സംവരണവാദമുയര്‍ത്തി ജാട്ടുകളെ ഒബിസി പരിഗണനയില്‍ സംവരണം നല്‍കാന്‍ കഴിയില്ലെന്ന് ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. പക്ഷേ ഒബിസി ക്വോട്ടയെ ശല്യം ചെയ്യാത്ത വിധത്തില്‍ പ്രത്യേക മാനദണ്ഡത്തിലുള്ള സംവരണം വേണ്ടിവരുമെന്നും പറഞ്ഞു.
ഒമ്പതു ദിനം നീണ്ടു നിന്ന ജാട്ട് കലാപത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഖട്ടാര്‍ റോഹ്തക് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യത്തില്‍ നയം വ്യക്തമാക്കിയത്. ജാട്ടുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരേ ഒബിസി പരിഗണനയില്‍ ഉള്ള അനേകം സമുദായങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഒബിസികള്‍ക്ക് നല്‍കി വരുന്ന 27 ശതമാനം സംവരണത്തെ തൊടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ജാട്ടുകള്‍ക്കായി പ്രത്യേക സംവിധാനം വരുത്താനാണ് നോക്കുന്നതെന്നും പറഞ്ഞു.
കലാപം നടത്തിയ ആരേയും വെറുതേവിടില്ലെന്നും എന്നാല്‍ ഇതില്‍ ആരേയും കള്ളക്കേസ് എടുത്ത് ദ്രോഹിക്കില്ലെന്നും ഖട്ടാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം നടക്കുകയാണ്. കലാപത്തില്‍ പോലീസ്, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരില്‍ ആരെങ്കിലൂം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടിയെടുക്കും.
റോഹ്തക്കിലേക്കുള്ള യാത്രയില്‍ തനിക്ക് കച്ചവടക്കാരും നാട്ടുകാരും ഡല്‍ഹിയിലേക്ക് പോകാന്‍ നിര്‍ബ്ബന്ധിതരായവരുമായി അനേകരില്‍ നിന്നും പരാതികളും പരിഭവങ്ങളും നേരിടേണ്ടി വന്നു. കലാപത്തില്‍ നിന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ മുതലെടുപ്പ് നടത്തിയെന്ന ആരോപണങ്ങളും സൂഷ്മമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.