ന്യൂഡല്‍ഹി: സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭം രൂക്ഷമായി. സമരം നടത്തുന്നവര്‍ ഹരിയാനയിലെ ബുധഖേദ റെയില്‍വെ സ്‌റ്റേഷനും പെട്രോള്‍ പമ്പും ഹാളുകളും തീയിട്ടു. പ്രക്ഷോഭം രൂക്ഷമായ മേഖലകളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെ നിയോഗിച്ചു. നിരോധനാജ്ഞ നിലനില്‍ക്കുന്ന ഹരിയാനയിലെ റോത്തക്ക്, ഭിവാനി എന്നിവിടങ്ങളില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ആവശ്യങ്ങള്‍ അംഗീകരിച്ചതായും വീട്ടിലേക്ക് മടങ്ങണമെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സമരക്കാരോട് അഭ്യാര്‍ഥിച്ചു. സംവരണപ്രശ്‌നത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നും ജാട്ട് സമുദായക്കാര്‍ക്ക് സംവരണം ലഭ്യമാക്കാന്‍ നിയമസഭയില്‍ ബില്‍ കൊണ്ടുവരുമെന്നും കഴിഞ്ഞദിവസം മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞിരുന്നു.
ഗുഡ്ഗാവില്‍ പ്രധാന ഹൈവേകളും നിരത്തുകളും സമരക്കാര്‍ ഉപരോധിക്കുകയാണ്. സൈനികര്‍ സ്ഥലത്തെത്തുന്നത് തടയുന്നതിനായാണ് നിരത്തുകള്‍ ഉപരോധിക്കുന്നത്. അതിനാല്‍ ഹെലികോപ്റ്റര്‍ വഴിയാണ് ഇവിടെ സൈന്യത്തെ എത്തിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ 3,300 അര്‍ധസൈനികരേയും കേന്ദ്രസര്‍ക്കാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. അക്രമം കനത്തതോടെ ഹരിയാന വഴിയുള്ള നൂറ്റമ്പത് ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ബസ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
നേരത്തേ റോത്തക്കില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്കു ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീടും പ്രക്ഷോഭകര്‍ ആക്രമിച്ചു. പൊലീസിന്റെതടക്കം നിരവധി വാഹനങ്ങളും ഒരു മാളും തീവെക്കുകയും തകര്‍ക്കുകയും ചെയ്തു. സമരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റോത്തക്കില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.