– ഷാജി രാമപുരം
ഡാലസ്: നടന വിസ്മയം മോഹന്‍ലാലിന്റെ കഴിഞ്ഞ 36 വര്‍ഷത്തെ അഭിനയ ജീവിതത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന അതുല്യ കലാവിസ്മയം ‘ടു ലാലേട്ടന് ബൈ ശ്രീക്കുട്ടന്’ എന്ന മെഗാഷോ ഒക്ടോബര്‍ 22 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ഡാലസിലെ ഗാര്‍ലന്‍ഡിലുള്ള എം.ജി.എം. ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.
മലയാളീകളെ ഒരുപോലെ ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത നിരവദി കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന് നല്കിയ അഭിനയ ചക്രവര്‍ത്തി ഭരത് മോഹന്‍ലാലിന് വിദേശ മലയാളീകള്‍ നല്കുന്ന ആദരവായാണ് ഈ മെഗാഷോ അമേരിക്കയിലെ വിവിധ സ്റ്റേജുകളില്‍ അവതരിപ്പിക്കുന്നത്.
മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ചലച്ചിത്രങ്ങളായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, കിരീടം, ചിത്രം, മണിച്ചിത്രത്താഴ്, കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള, ദൃശ്യം, തുടങ്ങി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒപ്പം വരെയുള്ള സിനിമകളിലെ സംഗീതവും, നൃത്തവും, ഹാസ്യവും ഒരുപോലെ കോര്‍ത്തിണക്കിയ ഈ മെഗാഷോ ഇതിനോടകംതന്നെ അമേരിക്കന്‍ മലയാളീകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി.
മലയാളത്തിന്റെ പ്രിയ ഗായകന് എം.ജി.ശ്രീകുമാറും, കാണികളില്‍ ചിരിയുടെ വസന്തോത്സവം വിരിയിക്കുന്ന അനുഗ്രഹീത കലാകാരന് രമേഷ് പിഷാരടിയും, പ്രസിദ്ധ അഭിനേത്രിയും പ്രമുഖ നര്‍ത്തകിയുമായ രമ്യാ നമ്പീശന്, മലയാളത്തിലും, തമിഴിലും, തെലുങ്കിലും, കന്നടയിലും നിരവധി ഗാനങ്ങള്‍ ആലപിച്ച പ്രസിദ്ധ ഗായിക സിത്താര അടക്കം നിരവധി കലാകാരന്മാര് അണിനിരക്കുന്ന ഈ മെഗാഷോ ഡാലസില്‍ അവതരിപ്പിക്കുന്നത് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ ആണ്.
പുതിയതായി നിര്‍മ്മിക്കുന്ന ദേവാലയത്തിന്റെ ധനശേഖരണത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന ഈ പ്രോഗ്രാം ഒരു വന്‍ വിജയം ആക്കുവാന് ഡാലസിലെ എല്ലാ കലാസ്വാദകരേയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ.സി.ജി.തോമസ്, ഇടവക ട്രസ്റ്റി ഏലിയാസ്കുട്ടി പത്രോസ്, സെക്രട്ടറി ഷിബു മാത്യു, പ്രോഗ്രാം കോഡിനേറ്റര്‍ അലക്സ് അലക്സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.