ട്വന്റി20 ഏഷ്യാകപ്പ്: ശ്രീലങ്കയെ തകര്‍ത്ത് ബംഗ്‌ളാദേശ്

09:59am 29/2/2016
shakiib-celebrates-with-team

മിര്‍പുര്‍: ശ്രീലങ്കയുടെ കൈയിലിരുന്ന മത്സരം പിടിച്ചുവാങ്ങിയ ബംഗ്‌ളാദേശ് ഏഷ്യാ കപ്പ് ട്വന്റി20യില്‍ രണ്ടാം ജയം സ്വന്തമാക്കി. ബാറ്റിങ്ങില്‍ സബ്ബിര്‍ റഹ്മാന്‍ നടത്തിയ പോരാട്ടവും ബൗളര്‍മാരുടെ കൂട്ടായ പരിശ്രമവും ചേര്‍ന്നപ്പോള്‍ ലങ്കയെ 23 റണ്‍സിനാണ് ബംഗ്‌ളാദേശ് പിടിച്ചുകെട്ടിയത്. മുന്‍നിര നല്‍കിയ മികച്ച തുടക്കം മുതലാക്കാനാകാതെപോയതാണ് ലങ്കയുടെ വീഴ്ചക്ക് കാരണമായത്. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്‌ളാദേശ് ഉയര്‍ത്തിയ 148 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 20 ഓവറില്‍ എട്ടിന് 124ല്‍ ഒതുങ്ങി. സബ്ബിര്‍ റഹ്മാന്‍ (80) കളിയിലെ താരമായി
ഒരു വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സ് എന്നനിലയില്‍ നിന്നായിരുന്നു ലങ്കയുടെ വീഴ്ച. 37 റണ്‍സുമായി ദിനേശ് ചണ്ഡിമല്‍ ടോപ് സ്‌കോററായി. ഷെഹന്‍ ജയസൂര്യ 26 റണ്‍സെടുത്തു. വെറ്ററന്‍ താരങ്ങളായ തിലകരത്‌നെ ദില്‍ഷനും ലസിത് മലിംഗയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍ കുപ്പായമണിഞ്ഞ എയ്ഞ്ചലോ മാത്യൂസും 12 വീതം റണ്‍സെടുത്ത് പുറത്തായി. ദസുന്‍ ഷനാക 14 റണ്‍സെടുത്തെങ്കിലും ലങ്കന്‍ തോല്‍വിയെ തടയാനായില്ല.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരുടെ തുടക്കം വമ്പന്‍ തകര്‍ച്ചയോടെയായിരുന്നു. ബോര്‍ഡില്‍ റണ്‍സ് എത്തുന്നതിനുമുമ്പ് രണ്ടാം പന്തില്‍ ഓപണര്‍ മുഹമ്മദ് മിഥുന്‍ തിരിച്ചുകയറിയ ആഘാതം തീരുംമുമ്പ് രണ്ടാം ഓവറില്‍ അടുത്ത ഓപണര്‍ സൗമ്യ സര്‍ക്കാറും പൂജ്യനായി മടങ്ങി. മൂന്നാമനായത്തെിയ സബ്ബിര്‍ റഹ്മാന്‍ റണ്‍സ് ഉയര്‍ത്താനുള്ള ശ്രമം നടത്തവേ മുശ്ഫികുര്‍ റഹീം (4) റണ്ണൗട്ടായി. 26ന് മൂന്ന് എന്നനിലയില്‍ പതറിയ ബംഗ്‌ളാദേശിനെ തുടര്‍ന്ന് സബ്ബിര്‍-ഷാകിബ് അല്‍ ഹസന്‍ സഖ്യമാണ് രക്ഷിച്ചത്. 82 റണ്‍സിന്റെ ഈ കൂട്ടുകെട്ട് സ്‌കോര്‍ 100 കടത്തി. തകര്‍പ്പനടികളുമായി കളം നിറഞ്ഞ സബ്ബിറിന് ഒത്ത കൂട്ടാളിയായി ഷാകിബ്. 54 പന്തില്‍ 10 ഫോറും മൂന്നു സിക്‌സും പറത്തി 80 റണ്‍സെടുത്ത സബ്ബിറാണ് ആദ്യം തിരിച്ചുപോയത്. മത്സരത്തില്‍ ചമീര നേടുന്ന ആദ്യ വിക്കറ്റായി താരം ജയസൂര്യയുടെ കൈയിലൊടുങ്ങി. പിന്നാലെ, 34 പന്തില്‍ 32 റണ്‍സുമായി ഷാകിബ് ചമീരയുടെ രണ്ടാം ഇരയായി. തുടര്‍ന്ന് മഹ്മൂദുല്ലയുടെ ഇടപെടലാണ് ബംഗ്‌ളാ സ്‌കോര്‍ 147ല്‍ എത്തിച്ചത്. 12 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും പറത്തി 23 റണ്‍സുമായി മഹ്മൂദുല്ല പുറത്താകാതെ നിന്നപ്പോള്‍ നൂറുല്‍ ഹസന്‍ (2) ചമീരക്ക് മൂന്നാം വിക്കറ്റ് സമ്മാനിക്കുകയും ക്യാപ്റ്റന്‍ മശ്‌റഫെ മൊര്‍തസ (2) റണ്ണൗട്ടാവുകയും ചെയ്തു.