09:56am 11/3/2016
നാഗ്പുര്‍: ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സിംബാബ്വെക്ക് രണ്ടാം ജയം. സ്കോട് ലന്‍ഡിനെതിരെ 11 റണ്‍സിനായിരുന്നു ജയം. ഇതോടെ സൂപ്പര്‍ ടെന്നില്‍ ഇടംപിടിക്കാനുള്ള സാധ്യതകള്‍ സജീവമാക്കി. സ്കോര്‍: സിംബാബ്വെ 20 ഓവറില്‍ ഏഴു വിക്കറ്റിന് 147. സ്കോട്ലന്ഡ് 19.4 ഓവറില്‍ 136ന് പുറത്ത്.
അര്‍ധ സെഞ്ച്വറി നേടിയ സീന്‍ വില്യംസാണ് സിംബാബ്വെ നിരയില്‍ തിളങ്ങിയത്. 36 പന്തില്‍ ആറു ഫോറുകളോടെയാണ് വില്യംസ് 53 റണ്‍സ് നേടിയത്. 20 റണ്‍സെടുത്ത എരംഗ ചിഗുംബര, 19 റണ്‍സെടുത്ത റിച്മോണ്ട് മുട്ടുംബാമി എന്നിവരും തിളങ്ങി. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ അലെസ്ഡയര്‍ ഇവാന്‍സ്, മാര്‍ക് വാട്ട്, സഫിയാന്‍ ഷെരീഫ് എന്നിവരാണ് സ്കോട് ബൗളിങ് നിരയില്‍ തിളങ്ങിയത്.
ശരാശരി ടോട്ടല്‍ പിന്തുടര്‍ന്ന സ്കോട് ബാറ്റിങ് നിരക്ക് മുന്‍നിരയുടെ തകര്‍ച്ചയാണ് വിനയായത്. ആദ്യ നാലു സ്ഥാനക്കാര്‍ രണ്ടക്കം കാണാതെ പുറത്തായി. റിച്ചി ബെറിങ്ടണ്‍ (36), ക്യാപ്റ്റന്‍ പ്രെസ്റ്റണ് മോമ്സന് (31), ജോഷ് ഡാവേയ് (24) എന്നിവര്‍ വിജയത്തിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നാലു വിക്കറ്റ് വീഴ്ത്തിയ വെല്ലിങ്ടണ്‍ മസകഡ്സയാണ് സ്കോട്ലന്ഡിനെ തകര്‍ത്തത്. നാലോവറില്‍ 28 റണ്‍സ് വഴങ്ങിയായിരുന്നു വെലിങ്ടണിന്റെ പ്രകടനം. തെന്‍ഡായ് ചതാര, ഡൊണാള്‍ഡ് തിരിപാനോ എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.