തലശേരി ധര്‍മടത്ത് ഒഴയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം

30-03-2016
cpm_bjp
തലശേരി ധര്‍മടം ഒഴയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. ബിജെപി ഓഫീസ് ആക്രമിക്കുകയും പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഇരുവിഭാഗവും സംഘടിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. സ്ഥലത്തെത്തിയ പോലീസ് ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ലാത്തി വീശി. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. ഒഴയില്‍ ഭാഗത്തെ ബിജെപി ഓഫീസിനുനേരേയാണ് അക്രമം നടന്നത്. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ തകര്‍ത്ത സംഘം പ്രചാരണ ബോര്‍ഡുകളും നശിപ്പിക്കുകയായിരുന്നു. ഓഫീസിനു സമീപത്തുള്ള വീട്ടിലെ യുവാവുള്‍പ്പെടുന്ന സിപിഎം സംഘമാണ് ബോര്‍ഡ് തകര്‍ത്തതെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകരും എതിര്‍ വാദമുയര്‍ത്തി സിപിഎം പ്രവര്‍ത്തകരും സംഘടിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായി. വിവരമറിഞ്ഞ് ടൗണ്‍ സിഐ മനോജ്, ധര്‍മടം എസ്‌ഐ സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. ഇരു വിഭാഗത്തേയും പിരിച്ചു വിടാന്‍ പോലീസ് ലാത്തി വീശുകയായിരുന്നു. പ്രദേശത്ത് പോലീസ് കാവല്‍ തുടരുകയാണ്.