09:48am 01/3/2016
മുംബൈ: പിഞ്ചു കുട്ടികളടക്കം കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവം മുന്‍കൂട്ടി ഒരുക്കിയ പദ്ധതിയാണെന്ന് സംശയിക്കുന്നതായി താണെ പൊലീസ്. താണെയിലെ വഡ്ബലി, ഗോഡ്ബന്ദറിലാണ് ഞായറാഴ്ച പുലര്‍ച്ചെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഹസ്‌നൈന്‍ വരെക്കര്‍ ഒരു സഹോദരി ഒഴികെ കുടുംബത്തിലെ മുഴുവന്‍ പേരെയും കൊലപ്പെടുത്തിയത്.
ഭര്‍ത്താക്കന്മാരെ ഒഴിവാക്കി സഹോദരിമാരെയും മരുമക്കളെയും ശനിയാഴ്ച രാത്രി വീട്ടില്‍ വിരുന്നിന് വിളിച്ചുവരുത്തുകയായിരുന്നു
സഹോദരിമാരുടെ ഭര്‍ത്താക്കന്മാരോട് ഞായറാഴ്ച ഉച്ചക്ക് എത്തിയാല്‍ മതിയെന്നാണ് ഹസ്‌നൈന്‍ ആവശ്യപ്പെട്ടത്. മടിച്ചുനിന്ന സഹോദരി സുബിയാ ബാര്‍മറെ ശനിയാഴ്ച വൈകീട്ട് നിര്‍ബന്ധിച്ച് വരുത്തുകയും ചെയ്‌തെന്നും പൊലീസ് പറഞ്ഞു. കഴുത്തിന് മുറിവേറ്റെങ്കിലും സുബിയാ രക്ഷപ്പെടുകയായിരുന്നു.
സഹോദരിമാര്‍ക്കും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും പുറമെ അമ്മാവനെയും മറ്റു ബന്ധുക്കളെയും വിരുന്നിന് ക്ഷണിച്ചെങ്കിലും അവരോട് ഞായറാഴ്ച ഉച്ചക്ക് എത്താന്‍ ഹസ്‌നൈന്‍ ആവശ്യപ്പെട്ടത്. രാത്രി ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാകാം കൊല നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.
കൊലപാതകത്തിനുശേഷം തൂങ്ങിമരിക്കാന്‍ ഹസ്‌നൈന്‍ ഉപയോഗിച്ച കയര്‍ പുതിയതാണെന്നും പൊലീസ് പറയുന്നു. മനോരോഗത്തിനുള്ള മരുന്നുകള്‍ ഹസ്‌നൈന്റെ മുറിയില്‍നിന്ന് കണ്ടത്തെിയതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും എല്ലാവരെയും കൊല്ലുമെന്നും മുമ്പ് ഹസ്‌നൈന്‍ പറഞ്ഞതായി സുബിയാ ബാര്‍മര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഒരിക്കല്‍ മന്ത്രവാദി നല്‍കിയതെന്നു പറഞ്ഞ് വീട്ടുകാരെ ദ്രാവകം കുടിപ്പിക്കുകയും അടുത്ത ദിവസംവരെ എല്ലാവരും ഉറങ്ങിപ്പോകുകയും ചെയ്ത സംഭവവും നടന്നതായി അയല്‍ക്കാര്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഭാര്യയെയും ആറും മൂന്നും വയസ്സുള്ള പെണ്‍മക്കളെയും 16നും നാലിനുമിടയില്‍ പ്രായമുള്ള ആറു മരുമക്കളെയും മൂന്നു സഹോദരിമാരെയും 55 കാരനായ പിതാവിനെയും 50കാരിയായ മാതാവിനെയുമാണ് ഹസ്‌നൈന്‍ കൊലപ്പെടുത്തിയത്.