താന്‍ ബി.ജെ.പിയുടെ ഒത്താശക്കാരനല്ലന്ന് ബി.എസ് ബസ്സി

09:35AM 19/02/2016
download (1)

ന്യൂഡല്‍ഹി: താന്‍ ബി.ജെ.പിയുടെ ഒത്താശകാരനല്ലന്നും രാജ്യത്തെ സേവിക്കുകയാണ് ലക്ഷ്യമെന്നും ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ് ബസ്സി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി താന്‍ സേവനം ചെയ്യുന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തന്നെ നിയമിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും ബസ്സി ചൂണ്ടിക്കാട്ടി. ജെ.എന്‍.യു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കെതിരായ ആരോപണങ്ങള്‍ ബസ്സി നിഷേധിച്ചത്.

ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് നേരെ ആക്രമണം ഉണ്ടായിട്ടില്ല. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. വൈദ്യപരിശോധന വഴി ഇത് സ്ഥിരീകരിക്കാവുന്നതാണ്. സംസാര സ്വാതന്ത്ര്യം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് ഭരണഘടന ലംഘനം നടത്തുകയല്ലെന്നും ബസ്സി ചൂണ്ടിക്കാട്ടി.

ഫെബ്രുവരി ഒമ്പതിന് ജെ.എന്‍.യു കാമ്പസില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ നടത്തിയത് രാജ്യദ്രോഹകരമായ പ്രവര്‍ത്തനങ്ങളാണ്. സാംസ്‌കാരിക പരിപാടി നടത്താനെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘാടകര്‍ ജെ.എന്‍.യു അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയത്. പരിപാടിക്കിടെ ദേശവിരുദ്ധ പ്രസംഗം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇത് രാജ്യദ്രോഹകുറ്റമാണെന്നും ബസ്സി പറഞ്ഞു.