12:02pm 14/3/2016
അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ ഉഗ്രസ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. 125ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 19 പേരുടെ നില ഗുരുതരമാണ്. 30 പേര് സംഭവസ്ഥലത്തും നാല്പേര് ആശുപത്രിയിലുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രി മഹ്മൂദ് മുഹ്സിന് ഒഗ്ലു പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര് ചാവേറുകളാണ്.
നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന കിസിലായിക്കു സമീപം കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. പ്രസിദ്ധമായ ഗുവന്‍ പാര്‍ക്കിലേക്കുള്ള ബസ്കാത്തിരിപ്പുകേന്ദ്രത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ പലതും പൂര്‍ണമായും അഗ്നിക്കിരയായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന്? അങ്കാറ ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, സംഭവത്തിന് പിന്നിലാരെന്ന് വ്യക്തമല്ല. ചാവേര്‍ സ്ഫോടനമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പൊലീസും സുരക്ഷാസൈനികരും സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.