ദാദ്രി സംഭവം; ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് യു.പി മുഖ്യമന്ത്രി

07:27pm 1/6/2016
download (9)
ലഖ്‌നൗ: ദാദ്രി കൊലപാതകത്തില്‍ മുഹമ്മദ് ഇഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ഗോമാംസമാണെന്ന ഫോന്‍സിക് റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. മഥുരയിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇഖ്‌ലാഖിന്റെ വീട്ടില്‍ ഗോമാംസം സൂക്ഷിച്ചുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് ഇഖ്‌ലാഖ് എന്നയാളെ അക്രമി സംഘം മര്‍ദ്ദിച്ചു കൊന്നത്. അന്ന് നടത്തിയ പരിശോധനയയില്‍ ഇഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് മാട്ടിറച്ചിയാണെന്ന് യു.പി വെറ്റിനറി ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലും ഇത് തന്നെയാണ് പറഞ്ഞിരുന്നത്. മുന്‍ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായാണ് ഫോറന്‍സിക് ലാബില്‍ നിന്നുള്ള പരിശോധനാ ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നത്.
അതേസമയം ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മുഹമ്മദ് ഇഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. മുഹമ്മദിന്റെ കൊലപാതകത്തിന്റെ പേരില്‍ നിഷ്‌കളങ്കരായ ഹിന്ദുക്കളെ കേസെടുത്ത് പീഡിപ്പിച്ചുവെന്നും ബി.ജെ.പി എം.പി ആരോപിച്ചു.