ഏറ്റവും കൂടുതല്‍ ആളുകളെ ഇന്നു അലട്ടുന്ന പശ്നമാണു ഡിസ്ക് സിന്‍ഡ്രോം അഥവാ ഡിസ്ക് പ്ര?ലാപ്സ്. പ്രായമായവരിലാണ് ഇത്തരം നടുവേദന കൂടുതലായും അനുഭവപ്പെടുന്നത്. നിരനിരയായി കോര്‍ത്തിണക്കിയ മുപ്പത്തിമൂന്നു കശേരുക്കള് കൊണ്ടു നിര്‍മിതമാണു നട്ടെല്ല് .
ആദ്യമൊക്കെ ആരും നടുവേദന അത്ര കാര്യമാക്കാറില്ല. വേദനസംഹാരികള്‍ കഴിച്ചും പുരട്ടിയും ദിവസങ്ങള്‍ തള്ളനീക്കും. ഒടുവില്‍ വേദന അസഹനീയമാകുമ്പോള്‍ ഡോക്ടറെ കാണും. നടുവേദനയുടെ കാരണം കണ്ടെത്തി ഡോക്ടര്‍ ആവശ്യമായ മരുന്നും വിശ്രമവും നിര്‍ദേശിച്ചേക്കാം.
വേദന സംഹാരികളുടെ ബലത്തില്‍ വേദന കുറഞ്ഞു തുടങ്ങുന്നതോടെ ഇനി വിശ്രമത്തിന്റെ ആവശ്യമില്ലെന്ന ധാരണയാണു മിക്കവര്‍ക്കും. അങ്ങനെ വരുമ്പോഴാണു നടുവേദനയ്ക്കു വില്ലന്റെ രൂപം കൈവരുന്നത്.
കൃത്യമായ വ്യായാമത്തിലൂടെയും വിശ്രമത്തിലൂടെയും ജീവിതശൈലി ക്രമപ്പെടുത്തുന്നതിലൂടെയും ഒക്കെ നടുവേദന ഉണ്ടാകാനുള്ള സാധ്യത കുറച്ചു നിര്‍ത്താനാകും. പ്രധാനമായും മൂന്നു തരത്തിലാണു നടുവേദന കാണപ്പെടുന്നത്.
ഡിസ്ക് സിന്‍ഡ്രോം
ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്ന പ്രശ്നമാണു ഡിസ്ക് സിന്‍ഡ്രോം അഥവാ ഡിസ്ക് പ്ര?ലാപ്സ്. പ്രായമായവരിലാണ് ഇത്തരം നടുവേദന കൂടുതലായും അനുഭവപ്പെടുന്നത്. നിരനിരയായി കോര്‍ത്തിണക്കിയ മുപ്പത്തിമൂന്നു കശേരുക്കള്കൊണ്ടു നിര്‍മിതമാണു നട്ടെല്ല്.
കശേരുക്കളുടെ പിന്‍ഭാഗത്തെ ദ്വാരത്തിലൂടെ തലച്ചോറില്‍നിന്നും അരഭാഗം വരെ കാണപ്പെടുന്ന മഹാനാഡിയാണു സുഷ്മനാ നാഡി. ഈ നാഡിയില്‍ നിന്നുള്ള ചെറു ഞരമ്പുകളാണു കൈകാലുകളിലെ ചലനശക്തി നിയന്ത്രിക്കുന്നത്. കശേരുക്കള്‍ക്കിടയിലുള്ള കുഷ്യനാണു ഡിസ്ക്ക്.
ഡിസ്ക്കിന്റെ ഉള്‍ഭാഗം ജെല്ലി പോലെ മൃദുലമാണ്. എന്നാല്‍, അമിതഭാരം ഉയര്‍ത്തുക, തെറ്റായി ഇരിക്കുക, നില്ക്കുക എന്നിവ മൂലം നടു ഭാഗത്തിനു മര്‍ദം കൂടുതലാകുമ്പോള്‍ ജെല്ലി വലയം ഭേദിച്ചുകൊണ്ടു ഡിസ്ക്ക് പുറത്തേക്കു തള്ളിവരുന്നു.
ഇങ്ങനെ തള്ളിവരുന്ന ഡിസ്ക്ക് ഇരുവശത്തുമുള്ള ഞരമ്പുകളെയോ സുഷുമ്നാനാഡിയേയോ അമര്‍ത്തുമ്പോള്‍ നടുവിലും കാലുകളിലും വേദന അനുഭവപ്പെടുന്നു. അരഭാഗത്തുള്ള ഡിസ്ക്ക് കാലിലേക്കുള്ള ഞരമ്പിനെ അമര്ത്തുമ്പോഴാണു കാലുകളിലേക്കു വേദന വ്യാപിക്കുന്നത്.
വിശ്രമമാണ് ഇവര്‍ക്കു നിര്‍ദേശിക്കുന്ന പ്രധാന ചികിത്സ. അപൂര്‍വം രോഗികള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വരുന്നു.
വാതസംബന്ധമായ നടുവേദന
‘നടുവേദന കാരണം രാവിലെ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനെ വയ്യ, എത്ര പ്രയാസപ്പെട്ടാണ് എഴുന്നേല്‍ക്കുന്നത്’ എന്നു പരിതപിക്കുന്ന തരത്തിലുള്ള വേദനയാണു വാത സംബന്ധമായ നടുവേദനയുടെ മുഖ്യ ലക്ഷണം.
അസ്ഥികള്‍ക്കുണ്ടാകുന്ന നീര്ക്കെട്ടാണു നടുവേദനയിലേക്കു നയിക്കുന്നത്. മധ്യവയസ്ക്കരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. കൃത്യമായ വിശ്രമത്തിലൂടെയും മരുന്നുകള്‍ കഴിക്കുന്നതിലൂടെയും നീര്‍ക്കെട്ടിനു ശമനം ലഭിക്കുന്നു.
നടുവിനേല്ക്കുന്ന സമ്മര്‍ദങ്ങള്‍
അമിത ഭാരം ഉയര്‍ത്തുക, ദീര്‍ഘനേരം കുനിഞ്ഞുനിന്ന് അലക്കുക, വെള്ളം കോരുക ഇങ്ങനെ നടുവിനുണ്ടാകുന്ന സമ്മര്‍ദങ്ങളും നടുവേദനയിലേക്കു നയിക്കാം. അമിത സമ്മര്‍ദം ഒഴിവാക്കി വിശ്രമം എടുക്കുന്നതിലൂടെ ഇത്തരം നടുവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു.
നടുവേദനയ്ക്കു സ്വയം ചികിത്സ ആരംഭിക്കുന്നതിനു മുമ്പു കൃത്യമായ രോഗനിര്‍ണയം ആവശ്യമാണ്. അസ്ഥികളുടെ തേയ്മാനം, അസ്ഥികള്ക്കകത്തുണ്ടാകുന്ന ട്യൂമറുകള്‍, മൂത്രാശയ രോഗങ്ങള്‍, ഗര്‍ഭപാത്രത്തിലെ പ്രശ്നങ്ങള്‍ എന്നിങ്ങനെ നടുവേദനയ്ക്കുള്ള കാരണങ്ങള്‍ നിരവധിയാണ്. അതിനാല്‍ നിര്‍ബന്ധമായും ഒരു അസ്ഥിരോഗ വിദഗ്ധന്റെ അഭിപ്രായം ആരായുകയാണു നല്ലത്.
നടുവേദനയുള്ളവരുടെ ശ്രദ്ധയ്ക്ക് വാഹനം ഓടിക്കുമ്പോള്‍
1. വാഹനം ഓടിക്കുമ്പോള്‍ നിവര്‍ന്നിരുന്ന് ഓടിക്കണം.
2. ചാരുകസേരയില്‍ കിടക്കുന്ന രീതിയിലുള്ള സീറ്റുകള്‍ നടുവേദനയുള്ളവര്‍ക്കു നല്ലതല്ല. പ്രത്യേകിച്ചു ഡിസ്ക്ക് സിന്‍ഡ്രോം ഉള്ളവര്‍ക്ക്. മാരുതി ഉള്‍പ്പെടെയുള്ള മിക്ക വാഹനങ്ങളുടെയും സീറ്റുകള്‍ ശാസ്ത്രീയമായി നിര്‍മിച്ചിരിക്കുന്നവയാണ്. ഇവ നടുവേദനയ്ക്കു കാരണമാകുന്നില്ല.
3. ഓടിക്കുന്ന വാഹനത്തിന്റെ സീറ്റ് ശാസ്ത്രീയമായ രീതിയിലല്ലെങ്കില്‍ നടുവിനു താങ്ങായി ഒരു കുഷ്യന് വയ്ക്കുക.
4. ബൈക്ക് റെയിസ് ചെയ്തു കുനിഞ്ഞിരുന്ന് ഓടിക്കുന്ന രീതി ശരിയല്ല. ചെറിയ തോതിലുള്ള നടുവേദനയുള്ളവര്‍ക്കും നിവര്‍ന്നിരുന്നു ബൈക്ക് ഓടിക്കുന്നതു കൊണ്ടു കുഴപ്പമില്ല.
5. ഇടുപ്പും മുട്ടും സമാന്തരമായി വരത്തക്ക രീതിയില്‍ കാറിന്റെ സീറ്റ് ക്രമീകരിക്കുന്നതാണു നല്ലത്. സീറ്റിന്റെ ബാക്ക് റെസ്റ്റില്‍ ചാരിയിരിക്കുന്നത് നടുവിനുള്ള ആയാസം കുറയ്ക്കും.
ജീവിതശൈലിയില്‍ ശ്രദ്ധിക്കാം
1. വ്യായാമക്കുറവാണു നടുവേദനയ്ക്കുള്ള പ്രധാന കാരണം. ദിവസേന അര മണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കുക.
2. കുനിഞ്ഞു ഭാരമെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. നടുവിനു ബലം കൊടുക്കാതെ രണ്ടു മുട്ടും മടക്കി കുനിഞ്ഞ് ഭാരം എടുത്ത് മുട്ടു നിവര്‍ത്തി പൊങ്ങുക.
3. കമ്പ്യൂട്ടറിനു മുമ്പില്‍ വളഞ്ഞിരിക്കാതെ നിവര്‍ന്നിരിക്കണം. കൈകള്‍ക്കു താങ്ങുള്ള കസേരകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.
4. മോണിറ്ററിന്റെ മുകള്‍ ഭാഗം കണ്ണിനു സമാന്തരമായിരിക്കണം. അഡ്ജസ്റ്റ് ചെയ്യാവുന്ന കസേരകള്‍ ഉപയോഗിച്ച് ഇതു ക്രമപ്പെടുത്താവുന്നതാണ്. കഴുത്തും നടുവും നിവര്ന്നിരിക്കാനും ഇതു സഹായിക്കും.
5. കൈകള്‍ കസേരപ്പിടിയില്‍ താങ്ങി ടൈപ്പ് ചെയ്യത്തക്ക രീതിയില്‍ കീബോര്‍ഡ് വയ്ക്കുക.
6. ദിവസവും ഇരുന്നു ജോലി ചെയ്യുന്നവര്‍ നടുവിനു താങ്ങു നല്കുന്ന കസേരകള്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ നടുഭാഗത്തു കുഷ്യന് വയ്ക്കുക.
7. കസേരയില്‍ കുനിഞ്ഞിരുന്നു ജോലി ചെയ്യാതെ നിവര്‍ന്നിരിക്കണം.
8. ഒരേ രീതിയില്‍ ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യാതെ ഇടയ്ക്ക് റിലാക്സ് ചെയ്യുക. എഴുന്നേറ്റു നിന്നു കാല്‍വിരലുകള്‍ നിലത്തൂന്നി കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക. ഇതു മസിലുകള്‍ക്ക് ആയാസം നല്കാന് സഹായിക്കുന്നു.
9. കൃഷിപ്പണിക്കാര്‍ നീണ്ട കൈയുള്ള തൂമ്പ ഉപയോഗിക്കുക. ഇതു നടുവിനുണ്ടാക്കുന്ന സമ്മര്‍ദത്തിന്റെ തോതു കുറയ്ക്കും.
10. മണ്ണും കല്ലും മറ്റു ഭാരമുള്ള വസ്തുക്കളും എടുത്തുയര്‍ത്തുമ്പോള്‍ ചുമട്ടുതൊഴിലാളികള്‍ ഘട്ടം ഘട്ടമായി ചെയ്യാന്‍ ശ്രമിക്കണം. മുട്ടു മടക്കി ഇരുന്നു സാധനങ്ങള്‍ എടുത്തു തലയില്‍വച്ച ശേഷം മുട്ടിനു ഭാരം നല്കി എഴുന്നേല്ക്കുക. അല്ലെങ്കില്‍ സാധനങ്ങള്‍ ഉയരമുള്ള പ്രതലത്തില്‍ മുട്ടുമടക്കി ഇരുന്ന് എടുത്തുവച്ച ശേഷം എഴുന്നേറ്റു നിന്ന് തലയില്‍ വയ്ക്കുക.