നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠന സഹായവുമായി ജില്ല ഭരണകൂടം

12.30 AM 10-06-2016
Elementary_School
കൊച്ചി: നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം എത്തിക്കുന്നതിനായ് എറണാകുളം ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ അന്‍പോട് കൊച്ചി ആവിഷ്‌കരിച്ച് പഠിക്കാം പഠിപ്പിക്കാം ‘പപ’ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലയിലെ മുഴുവന്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കും ബാഗും കുടയും നോട്ടുപുസ്തകങ്ങളും ഇന്‍സ്ട്രമെന്റ് ബോക്‌സും ഉള്‍പെടെ പഠനോപകരണങ്ങള്‍ വിതരണം ചെയ്യും.
‘പപ, പഠിക്കാം പഠിപ്പിക്കാം’ പദ്ധതി പ്രഖ്യാപിച്ച സമയം മുതല്‍ നിരവധി വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക് ചിറക് വിടര്‍ത്താന്‍ മുന്നോട്ട് വന്നത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് വളരെ അഭിമാനത്തോടെ കാലെടുത്ത് വക്കാന്‍ അന്‍പോട് കൊച്ചിക് പ്രചോദനമാകുകയാണ്.
പഠിക്കാം പഠിപ്പിക്കാം പദ്ധതിയുടെ രണ്ടാം ഘട്ടമായി ജില്ല കലക്ടര്‍ തന്നെ നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ മേഖലയില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതി പദ്ധതിയുമായി കൈകോര്‍ത്ത് ജില്ലയിലെ സര്‍ക്കാര്‍സ്വകാര്യ സ്‌കൂള്‍ കോളേജുകളിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് (സ്വാശ്രയ കോളജുകള്‍ ഒഴികെ) വിദ്യാഭ്യാസ വര്‍ഷം മുഴുവനും സ്‌പോണ്‍സേഴ്‌സിനെ തേടുന്നുണ്ട്. അതോടൊപ്പം തന്നെ പദ്ധതിയിലേക്ക് നിര്‍ധന വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ള സ്വകാര്യ കോളേജുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്‍പോട്ടുവരാവുന്നതാണ്.
കുഞ്ഞനുജന്മാരുടെയും അനുജത്തിമാരുടെയും ജീവിത സ്വപ്‌നങ്ങള്‍ക്ക് നിറം പിടിപ്പിക്കാന്‍ അവരുടെ പഠനാവശ്യങ്ങള്‍ക്കായി സാമ്പത്തികമായി സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ക്ക് വേണ്ടി ജില്ല കളക്ടറും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി ചേര്‍ന്ന് ബാങ്ക് ഓഫ് ബറോഡയില്‍ ജോയിന്റ് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. നിങ്ങളുടെ സംഭാവനകള്‍ എത്ര ചെറുതാണെങ്കിലും അത് പഠിക്കാന്‍ പണം ഇല്ലാത്തതിന്റെ പേരില്‍ വിഷമിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് പദ്ധതി നടപ്പാക്കുന്നത്. പഠിക്കാം പഠിപ്പിക്കാം പദ്ധതിയുടെ വിശദാംശങ്ങള്‍ക്ക് വിളിക്കുക +919207000800