ഗോഹട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ കെട്ടുകെട്ടിച്ച് അത്ലറ്റിക്കോ ഡി കോല്‍ക്കത്ത ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം രണ്ടുഗോള്‍ തിരിച്ചടിച്ചാണ് അത്ലറ്റിക്കോ വിജയം കണ്ടത്.
39ാം മിനിറ്റില്‍ എമിലിയാനോ അല്‍ഫാരോയുടെ ഹെഡറിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. നിര്‍മല്‍ ഛേത്രിയുടെ തകര്‍പ്പന്‍ പാസില്‍നിന്നായിരുന്നു അല്‍ഫാരോയുടെ ഗോള്‍. രണ്ടാം പകുതിയില്‍ അത്ലറ്റിക്കോ തിരിച്ചടിക്കാന്‍ ആര്‍ത്തുകയറിയപ്പോള്‍ ഫലവും ലഭിച്ചു. 63ാം മിനിറ്റില്‍ ഹെല്‍ഡര്‍ പോസ്റ്റിഗയാണ് ഗോള്‍ നേടിയത്. സമനിലക്കുരുക്ക് പൊളിക്കാന്‍ ഇരുടീമുകളും ശ്രമിക്കവെ അതലറ്റിക്കോ വീണ്ടും ലക്ഷ്യം കണ്ടു. ലാല്‍റിന്‍ഡിക റാള്‍ട്ടെയുടെ ക്രോസ് യുവാന്‍ ബെലന്സോസോ വലയിലെത്തിക്കുകയായിരുന്നു.
ജയത്തോടെ അത്ലറ്റിക്കോ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഏഴു മത്സരങ്ങളില്‍നിന്ന് 12 പോയിന്റാണ് അത്ലറ്റിക്കോയ്ക്കുള്ളത്. 10 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് മൂന്നാം സ്ഥാനത്താണ്.