10:29 AM 20/10/2016
– ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍
ഷിക്കാഗോ: “നിങ്ങളോട് ദൈവവചനം പ്രസംഗിച്ച് നടത്തിയവരെ ഓര്‍ത്തുകൊള്ളുവിന്‍, അവരുടെ ജീവിതാവസാനം ഓര്‍ത്ത് അവരുടെ വിശ്വാസം അനുകരിക്കുവിന്‍ (എബ്രാ- 137)’ പ്രഥമ ഭാരതീയ പരിശുദ്ധനും ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കാവല്‍ പിതാവുമായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ നൂറ്റിപ്പതിനാലാം ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 28,29,30 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാദരവുകളോടെ കത്തീഡലില്‍ ആചരിക്കുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി. ഡോ, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. പെരുന്നാളിനു പ്രാരംഭം കുറിച്ചുകൊണ്ട് 28-നു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, പരിശുദ്ധന്റെ നാമത്തിലുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവയുണ്ടായിരിക്കും. തുടര്‍ന്നു ധ്യാന പ്രസംഗവും നടക്കും. 29-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കത്തീഡ്രലില്‍ എത്തുന്ന മെത്രാപ്പോലീത്തയേയും മറ്റു വിശിഷ്ടാതിഥികളേയും വികാരി ഫാ. ദാനിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ കത്തീഡ്രലിലേക്ക് ആനയിക്കും. 6.30-നു ആഘോഷപൂര്‍വ്വമായ കൊടിയേറ്റ് നടക്കും. 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, ആശീര്‍വാദം എന്നിവയുണ്ടായിരിക്കും. തുടര്‍ന്നു പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് അനുസ്മരണ സമ്മേളനം നടക്കും. അഭി. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരിക്കും.
30-നു ഞായറാഴ്ച രാവില 8.30-നു പ്രഭാത നമസ്കാരവും 9.30-നു അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല് കുര്‍ബാനയും നടക്കും. തുടര്‍ന്നു കൊടി, കുരിശ്, മുത്തുക്കുടകള്‍, ചെണ്ട വാദ്യമേളങ്ങളോടെ റാസ നടക്കും. അതിനുശേഷം ധൂപ പ്രാര്‍ത്ഥന, ആശീര്‍വാദം, കൈമുത്ത്, സ്നേഹവിരുന്ന് എന്നിവയുണ്ടായിരിക്കും. വൈകിട്ട് 4 മണിക്ക് കൊടിയിറക്കോടെ പെരുന്നാള്‍ സമാപിക്കും.
എല്ലാവരും പെരുന്നാളിലും അനുബന്ധ പരിപാടികളിലും, നോമ്പാചരണത്തിലും വെടിപ്പോടും വിശുദ്ധിയോടുംകൂടി വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി ഫാ. ദാനിയേല്‍ ജോര്‍ജ് താത്പര്യപ്പെടുന്നു.
പെരുന്നാളിന്റെ വിപുലമായ നടത്തിപ്പിനുവേണ്ടി ജോണ്‍ പി. ജോണ്‍, റീന വര്‍ക്കി, ഏരന്‍ പ്രകാശ്, റേച്ചല്‍ ജോസഫ്, ഷിബു മാത്യു, ഗ്രിഗറി ദാനിയേല്‍ (ജനറല്‍ കണ്‍വീനര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.