പാകിസ്താനെതിരേ ‘വിശുദ്ധയുദ്ധം’ നയിക്കാന്‍ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി രേഖകള്‍ സൂച്ചിപ്പിക്കുന്നു

12:15pm 03/32016
images (8)

വാഷിങ്ടണ്‍: പാകിസ്താനെതിരേ ജിഹാദ്(വിശുദ്ധയുദ്ധം) നയിക്കാന്‍ ഒസാമാ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി രേഖകള്‍. ഇതിനായി ഇന്ത്യാ- പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ആഗ്രഹിച്ചിരുന്നതായും ലാദന്‍ ഒളിവില്‍ താമസിച്ചിരുന്ന അബോട്ടാബാദിലെ രഹസ്യസങ്കേതത്തില്‍നിന്നു കണ്ടെത്തിയ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
42 പേജുകളുള്ള അറബിയില്‍ തയാറാക്കിയിട്ടുള്ള രേഖ നാഷണല്‍ ഇന്റലിജന്‍സ് കാര്യാലയമാണ് പ്രസിദ്ധപ്പെടുത്തിയത്. ‘ജിഹാദ് ഇന്‍ പാകിസ്താന്‍’ എന്ന തലക്കെട്ടിലുള്ള ലഘുലേഖയില്‍ ‘ഇന്ത്യ പാകിസ്താനെ ആക്രമിക്കാനൊരുങ്ങുന്നു’ എന്നൊരു പ്രത്യേക അധ്യായം തന്നെയുണ്ട്. പാകിസ്താനെ വിഭജിക്കാന്‍ അമേരിക്ക നീക്കം നടത്തുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി ഇന്ത്യ പാകിസ്താനെ ആക്രമിക്കുമെന്നും ലാദന്‍ ആരോപിക്കുന്നു.
134 യുദ്ധവിമാനം വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തെയും ഇതിന്റെ ഭാഗമായാണ് ലാദന്‍ കണക്കാക്കിയിട്ടുള്ളത്. ഇന്ത്യന്‍ പട്ടാളത്തിന്റെ അംഗബലം പത്തുലക്ഷമാക്കാനുള്ള നീക്കം പാകിസ്താനെതിരേ പ്രയോഗിക്കാനുള്ളതാണെന്നും രേഖയില്‍ പറയുന്നു. ‘വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനകളാണിവ’. പാകിസ്താന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്നും ലാദന്‍ ആരോപിക്കുന്നുണ്ട്.