12:33 pm 13/10/2016
കണ്ണൂര്‍: പിണറായിയില്‍ ബി.ജെ.പി പ്രവര്ത്തകന് രമിത്തിനെ വെട്ടിക്കൊന്ന സംഭവത്തിൽ പത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഡ്മിനിസ്ട്രേഷന് ഡി.വൈ.എസ്.പി രജ്ഞിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ബുധനാഴ്ച രാവിലെ 10.15ന് ഓലയമ്പലത്തെ പെട്രോള്‍പമ്പിന് സമീപത്താണ് സംഭവം. തൊട്ടടുത്തുതന്നെയാണ് രമിത്തിന്‍െറ വീടും. വെട്ടേറ്റ് തലക്കും കഴുത്തിനും കൈക്കും ആഴത്തില്‍ മുറിവേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന രമിത്തിനെ പിണറായിയിലെ എക്സൈസ് ജീവനക്കാരാണ് ആശുപത്രിയിലത്തെിച്ചത്. ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിങ്കളാഴ്ച പാതിരിയാട് വാളാങ്കിച്ചാലില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാല്‍ മോഹനന് കൊല്ലപ്പെട്ടിരുന്നു. ഇതിന്‍െറ പ്രതികാരമായുള്ള കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം.