02:50pm 21/05/2016
തിരുവനന്തപുരം: മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദനുമായി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. രാവിലെ ഒമ്പതു മണിയോടെ കന്റോൺമെന്റ് ഹൗസിലെത്തിയാണ് വി.എസിനെ പിണറായി കണ്ടത്. അടച്ചിട്ട മുറിയിൽ അര മണിക്കൂറോളം ഇരുവരും ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു.
വലിയ അനുഭവ സമ്പത്തുള്ള വി.എസിൽ നിന്ന് ഉപദേശം സ്വീകരിക്കാനാണ് എത്തിയതെന്ന് കൂടിക്കാഴ്ചക്ക് ശേഷം പിണറായി മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾക്കിടയിൽ അവസാനമായി മുഖ്യമന്ത്രിപദം വഹിച്ചിട്ടുള്ള വ്യക്തിയാണ് വിഎസ്. ഞാനൊരു തുടക്കക്കാരനാണ്. അദ്ദേഹത്തിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിക്കാനുണ്ട്. അത് ഭരണത്തിന് ഗുണകരമാണെന്നും പിണറായി വ്യക്തമാക്കി.
മുമ്പ് വൈദ്യുതി മന്ത്രിയായിരുന്നില്ലെ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കുറേ കാലം അനുഭമില്ലാതെയിരുന്നാൽ ഒരു പുതുക്കം അനുഭപ്പെടുമെന്നും പിണറായി മറുപടി നൽകി. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞയെന്നും മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം എൽ.ഡി.എഫ് എടുക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.
പാർട്ടി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാകാമെന്ന് കേന്ദ്ര നേതൃത്വത്തെ വി.എസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ, പിണറായിയെ മുഖ്യമന്ത്രിയാക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. അതിനാൽ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുന്ന വി.എസിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാൻ പ്രവർത്തകർക്കും ജനങ്ങൾക്കും ആകാംക്ഷയുണ്ട്.
വി.എസുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും പിണറായി കണ്ടു. ഉമ്മൻചാണ്ടിയെ പുതുപ്പള്ളി ഹൗസിലെത്തിയും കാനത്തെ പാർട്ടി ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ എത്തിയുമാണ് പിണറായി കണ്ടത്.