പി.പി മുകുന്ദന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

12:49pm 7/3/2016
1457326044_p_p_mukundan
തിരുവനന്തപുരം: ബി.ജെ.പി വെല്ലുവിളിയായി പി.പി മുകുന്ദന്‍. നേമത്തോ വട്ടിയൂര്‍ക്കാവിലോ മുകുന്ദന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. മത്സരിക്കാന്‍ തനിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു.
പി.പി മുകുന്ദന്‍ ബി.ജെ.പിയിലേക്ക് മടങ്ങുന്ന വിഷയം ചര്‍ച്ചയായിട്ട് ഏറെ നാളായി. ബി.ജെ.പിയുടെ വാതില്‍ ഏവര്‍ക്കും തുറന്നിട്ടിരിക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയിരുന്നെങ്കിലും മുകുന്ദന് പ്രവേശനം ലഭിച്ചിരുന്നില്ല.
താമര വിരിയുമെന്നു ബി.ജെ.പി ഏറെ പ്രതീക്ഷിക്കുന്നു നേമത്തോ കുമ്മനം മത്സരിക്കാനൊരുങ്ങുന്ന വട്ടിയൂര്‍കാവിലോ സ്വതന്ത്രനാകാനാണു മുകുന്ദനു മേല്‍ സമ്മര്‍ദ്ദം. ബി.ജെ.പി അണികളും തലസ്ഥാനത്തെ സുഹൃത്തുക്കളുമെല്ലാം നിര്‍ബന്ധം പിടിക്കുന്നതായി മുകുന്ദന്‍ വ്യക്തമാക്കി. ബി.ജെ.പിയിലേക്ക് തിരിച്ചുവരാനുള്ള സമ്മതം വ്യക്തമാക്കിയിട്ടും കുമ്മനം വിളിക്കാത്തതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുകുന്ദന്റെ പുതിയ നീക്കങ്ങള്‍ക്കു പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണ ഉള്ളതായും സൂചനയുണ്ട്. മടക്കം വൈകുന്നതിലെ കടുത്ത അതൃപ്തി തന്നെയാണു പുതിയ നീക്കത്തിനു പിന്നില്‍.