പുരുഷസുഹൃത്തുമായി അടുത്തിടപഴകിയതിനു യുവതിക്ക് ചൂരല്‍ അടി

18-10-2016 10.18PM
Woman_1710
ജക്കാര്‍ത്ത: പുരുഷസുഹൃത്തുമായി അടുത്തിടപഴകിയതിനു യുവതിക്ക് പരസ്യമായി ചൂരല്‍ അടി. ഇന്തോനേഷ്യയിലെ അച്ചെ പ്രവിശ്യയിലാണ് സംഭവം. ഇന്തോനേഷ്യയിലെ വാര്‍ത്താ ഏജന്‍സിയായ അന്റാരയാണ് യുവതിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇന്തോനേഷ്യയില്‍ ശരിയത്ത് നിയമം നടപ്പിലാക്കിയ ഏക പ്രവിശ്യയാണ് അച്ചെ. അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ ആലിംഗനം ചെയ്യുന്നത്, ചുംബിക്കുന്നത്, മദ്യപിക്കുന്നത്, സ്വവര്‍ഗാനുരാഗം തുടങ്ങിയവയെല്ലാം അച്ചെ പ്രവിശ്യയില്‍ ശരിയത്ത് നിയമപ്രകാരം വലിയ കുറ്റമാണ്. അടികൊണ്ട് പൊട്ടിക്കരയുന്ന യുവതിയുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടംപിടിച്ചു.
21നും 30നും ഇടയ്ക്കു പ്രായമുള്ള, സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന 13 പേരെയാണ് കഴിഞ്ഞദിവസം സമാനമായ രീതിയില്‍ ശിക്ഷിച്ചത്. കുറ്റങ്ങളുടെ തീവ്രത അനുസരിച്ച് ഒമ്പത് മുതല്‍ 25 അടി വരെയുള്ള ശിക്ഷകളാണ് നല്‍കിയത്. അച്ചെയിലെ ഒരു മോസ്‌കിലാണ് ശിക്ഷ നടപ്പാക്കിയത്.
ഇതില്‍ ആറുപേരെ, അവിവാഹിതരായ സ്ത്രീപുരുഷന്‍മാര്‍ ആലിംഗനം ചെയ്തു, ചുംബിച്ചു എന്നീ കുറ്റങ്ങളില്‍ ശിക്ഷിക്കുകയായിരുന്നു. ഗര്‍ഭിണിയാണെന്ന കാരണത്താല്‍ 22കാരിയുടെ ശിക്ഷ മാത്രം മാറ്റിവെച്ചു. ഇവര്‍ക്കു പ്രസവത്തിനുശേഷം ശിക്ഷ നല്‍കും.