കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് എന്‍.പീതാംബരക്കുറുപ്പിനെ കേന്ദ്ര അന്വേഷണ സംഘം ചോദ്യം ചെയ്യും.വെടിക്കെട്ട് നടത്താൻ അനുമതി വാങ്ങിത്തരാമെന്ന് പീതാംബരക്കുറുപ്പ് വാഗ്ദാനം നല്‍കിയതായി അന്വേഷണ സംഘത്തിന് മുന്നില്‍ ക്ഷേത്രഭാരവാഹികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.
വെടിക്കെട്ട് നിരോധിച്ചുള്ള കളക്ടറുടെ ഉത്തരവുമായി വില്ലേജ് ഓഫീസര്‍ ഏപ്രില്‍ എട്ടിന് ക്ഷേത്രപരിസരത്ത് എത്തുമ്പോള്‍ പീതാംബരക്കുറുപ്പ് അവിടെയുണ്ടായിരുന്നു. നിരോധന ഉത്തരവ് ക്ഷേത്രഭാരവാഹികളെ കാണിച്ച് ഒപ്പിട്ട് തിരികെ വാങ്ങാനെത്തിയതായിരുന്നു വില്ലേജ് ഓഫീസര്‍.വെടിക്കെട്ട് ആരാണ് നിരോധിച്ചത് എന്ന് ചോദിച്ച പീതാംബരക്കുറുപ്പ് പിറ്റേദിവസം പൊലീസിനെ ചെന്നുകാണാൻ ക്ഷേത്രഭാരവാഹികളെ ഉപദേശിച്ചു. താൻ വിളിച്ച് പറഞ്ഞോളാം എന്ന് പറയുകയും ചെയ്തു.
ക്ഷേത്രസെക്രട്ടറി കൃഷ്ണൻകുട്ടിപ്പിള്ള കേന്ദ്ര അന്വേഷണ സംഘത്തലവൻ എ കെ യാദവിന് മുന്നില്‍ നല്കിയ ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പീതാംബരക്കുറുപ്പിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. എന്നാല്‍ ഇതേ മൊഴി ക്രൈംബ്രാഞ്ചിന് മുന്നില്‍ ക്ഷേത്രഭാരവാഹികള്‍ നല്‍കിയെങ്കിലും പീതാംബരക്കുറുപ്പിന്റെ മൊഴിയെടുക്കാൻ അവര്‍ തയ്യാറായിരുന്നില്ല.
അതേസമയം പുറ്റിങ്ങല്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രം കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കാൻ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല എന്ന ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച കാരണമാണ് കേന്ദ്ര സഹായം വൈകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് 2 ലക്ഷവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.