പെന്തക്കോസ്ത് മിഷന്‍ രാജ്യാന്തര കണ്‍വന്‍ഷന്‍ മാര്‍ച്ച് 9 മുതല്‍ ചെന്നൈയില്‍

01:00pm
9/3/2016

ചാക്കോ കെ. തോമസ്
Newsimg1_67174386
ചെന്നൈ: ദി പെന്തക്കോസ്ത് മിഷന്‍ സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ ചെന്നൈ രാജ്യാന്തര കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും 9 മുതല്‍ 13 വരെ താംബരത്തിനു സമീപം ഇരുമ്പല്ലിയൂര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. മാര്‍ച്ച് 8-നു രാവിലെ മുതല്‍ പിറ്റേന്ന് ഉച്ചവരെയാണ് ശുശ്രൂഷ സമ്മേളനം. ബുധനാഴ്ച വൈകിട്ട് 6-ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ 13-ന് ഞായര്‍ സംയുക്ത സഭായോഗത്തോടെ സമാപിക്കും. ചീഫ് പാസ്റ്റര്‍ എന്‍. സ്റ്റീഫന്‍, ഡപ്യൂട്ടി ചീഫ് പാസ്റ്റര്‍ ഏബ്രഹാം മാത്യു, അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റര്‍ ജി. ജെയം എന്നിവരും സഭയുടെ മറ്റ് പ്രധാന ശുശ്രൂഷകരും സംസാരിക്കും.

ദിവസവും രാവിലെ നാലിന് സ്തോത്രാരാധന, ഏഴിനു വിശ്വാസികള്‍ക്കും ശുശ്രൂഷകര്‍ക്കും പ്രത്യേക ബൈബിള്‍ ക്ലാസ്, 9.30-ന് പൊതുയോഗം, ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി പത്തിനും ഉണര്‍വ് യോഗം എന്നിവയും ഉണ്ടായിരിക്കും. വിവിധ പ്രാദേശിക ഭാഷകളില്‍ മിഷന്‍ പ്രവര്‍ത്തകര്‍ ഗാനങ്ങള്‍ ആലപിക്കും. പ്രസംഗങ്ങള്‍ തത്സമയം വിവിധ പ്രാദേശിക ഭാഷകളില്‍ പരിഭാഷപ്പെടുത്തും. ഞായറാഴ്ച വൈകിട്ട് 6-ന് പ്രത്യേക രോഗശാന്തിശുശ്രൂഷയും ഉണ്ടായിരിക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇംഗ്ലണ്ട്, അമേരിക്ക, ഓസ്ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി കേരളം ഉള്‍പ്പടെ വിവിധയിടങ്ങളില്‍ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. കണ്‍വന്‍ഷന്‍ ഗ്രൗണ്ടിലേക്ക് വിവിധയിടങ്ങളില്‍ നിന്നും വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് മിഷന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. മാര്‍ച്ച് 14-ന് രാവിലെ വാര്‍ഷിക ജനറല്‍ബോഡി യോഗവും വൈകിട്ട് പുതിയ ശുശ്രൂഷകരുടെ തെരഞ്ഞെടുപ്പും ഉണ്ടായിരിക്കും.

1924-ല്‍ മലയാളിയായ പാസ്റ്റര്‍ പോള്‍ (തൃശൂര്‍ എങ്ങണ്ടിയൂര്‍ സ്വദേശി) ശ്രീലങ്കയില്‍ സ്ഥാപിച്ച ദി പെന്തക്കോസ്ത് മിഷന്‍ സഭ ലോകത്തില്‍ 65 ല്‍പ്പരം രാജ്യങ്ങളില്‍ പ്രവര്‍ത്തനമുണ്ട്. ഇന്ത്യയില്‍ 28 സംസ്ഥാനങ്ങളിലായി 43 സെന്ററുകളും രണ്ടായിരത്തില്‍പ്പരം ഫെയ്ത്ത് ഹോമുകളും, വിദേശരാജ്യങ്ങളില്‍ 46 സെന്ററുകളും മുന്നൂറില്‍പ്പരം സഭകളും പതിനായിരത്തില്‍പ്പരം ശുശ്രൂഷകരുമുണ്ട്. ഇന്ത്യയിലെ ആസ്ഥാനമന്ദിരം ചെന്നൈയിലും, കേരളത്തില്‍ കൊട്ടാരക്കരയിലും, അമേരിക്കയില്‍ ന്യൂജേഴ്സിയിലും, ശ്രീലങ്കയില്‍ മട്ടക്കുളിയിലുമാണ്. 93 വര്‍ഷം പിന്നിടുന്ന പെന്തക്കോസ്ത് മിഷന്‍ സഭ വിവിധ രാജ്യങ്ങളില്‍ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്.