കോഴിക്കോട്: മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്
കോഴിക്കോട് ജില്ലയിലെ കക്കട്ടില്‍ എന്ന പ്രദേശത്ത് 1954 ജൂലൈ ഏഴിന് പി. അബ്ദുള്ളയുടെയും സി.കെ. കുഞ്ഞാമിനയുടെയും മകനായി ജനനം. ഫറൂഖ് കോളേജ്, മടപ്പള്ളി ഗവ. കോളേജ്, തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
നര്‍മ്മം കൊണ്ട് മധുരമായ ശൈലിയിലായിരുന്നു അക്ബര്‍ കക്കട്ടിലിന്റെ എഴുത്തുകള്‍. മലയാള സാഹിത്യത്തില്‍ അദ്ധ്യാപക കഥകള്‍ എന്നൊരു ശാഖയ്ക്ക് രൂപം കൊടുക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തേ എഴുത്താരംഭിച്ച അക്ബര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് ശ്രദ്ധേയനായത്.
വിദ്യാഭ്യാസത്തിനുശേഷം അദ്ധ്യാപനവൃത്തി തിരഞ്ഞെടുത്ത അദ്ദേഹം കഥ, നോവല്‍ , ഉപന്യാസം എന്നി വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തുകയുണ്ടായി. ശമീല ഫഹ്മി, അദ്ധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011ലെ ആണ്‍കുട്ടി, ഇപ്പോള്‍ ഉണ്ടാകുന്നത്, തെരഞ്ഞെടുത്തകഥകള്‍, പതിനൊന്ന് നോവലറ്റുകള്‍, മൃത്യുയോഗം, സ്*!*!*!്രൈതണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്‌കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികള്‍. രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സൗത്ത്സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേണിംഗ് ബോഡികള്‍, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷന്‍ ജൂറി, സിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡൈ്വസറി ബോര്‍ഡ്, പ്രഥമ എഡ്യൂക്കേഷണല്‍ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയ’ത്തിന്റെ പര്‍മനന്റ് ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.