ഫെയ്സ്ബുക്ക് രക്ഷകനായി : എട്ടുവയസുകാരനെ കൊല്ലാന്‍ ശ്രമിച്ച യുവാക്കളെ പോലീസ് പിടിയില്‍

10:36am 29/2/2016
images (6)

ചെറുതോണി: എട്ടു വയസുകാരനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. കുരിശുപാറ കുരിശുങ്കല്‍ കെ.ആര്‍ അനൂപ്(18), കണയനാട്ട് മെബിന്‍ മാത്യു(19) എന്നിവരെയാണ് തങ്കമണി പോലീസ് അറസ്റ്റുചെയ്തത്. മരിയാപുരം കാഞ്ഞമലയില്‍ മാത്യുവിന്റെ മകന്‍ അര്‍ണോള്‍ഡ്(8)നെ കഴിഞ്ഞ ഞായറാഴ്ച പള്ളിക്ക് സമീപത്തുവച്ച് പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് അതിക്രൂരമായി ആക്രമിച്ച് പരുക്കേല്‍പിക്കുകയായിരുന്നുവെന്നാണ് കേസ്.
വേദപാഠ പഠനത്തിനായി പള്ളിയിലെത്തിയ ബാലന്‍ ക്ലാസിനിടെ മൂത്രമൊഴിക്കാനായി ടോയ്ലറ്റില്‍ പോയി. ഇവിടെ പ്രതികള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നത് കുട്ടികണ്ടുവെന്ന് മനസിലാക്കി ഇവര്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ കാല്‍തട്ടി വീഴ്ത്തിയശേഷം പുറത്തും തലയ്ക്കും നാഭിയിലും ഇവര്‍ തൊഴിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയചകിതനായ കുട്ടി വിവരം പുറത്തു പറഞ്ഞില്ല.
പിന്നീട് കുട്ടി കൂട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. ഇതിനിടെ കുട്ടിക്ക് പനിയും മൂത്രതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിലും ചൈല്‍ഡ് ലൈനിലും രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചത്. ഭയംമൂലം കുട്ടി പ്രതികളെ സംബന്ധിച്ച് പറയാന്‍ വിസമ്മതിച്ചു.
പിന്നീട് കുട്ടി സാധാരണ നിലയിലേയ്ക്ക് എത്തിയതിനെതുടര്‍ന്ന് ആക്രമിച്ചവരുടെ അടയാളങ്ങള്‍ ചോദിച്ചു മനസിലാക്കിയശേഷം വീട്ടുകാര്‍ തന്നെ കുട്ടി പറഞ്ഞ അടയാളങ്ങള്‍ വച്ച് ഫേയ്സ് ബുക്കിലുള്ള പലരുടെയും ഫോട്ടോകള്‍ കാണിച്ച് ആക്രമിച്ചവരെ തിരിച്ചറിയുകയായിരുന്നു.
കുട്ടി തിരിച്ചറിഞ്ഞ പ്രതികളുടെ പേരുകള്‍ രക്ഷിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലും പ്രതികളിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന നിരവധി തെളിവുകള്‍ ഇവര്‍ക്കും ലഭിച്ചിരുന്നു. നടുവിനും തലയ്ക്കും കാലിനും ചവിട്ടേറ്റതു മൂലം നടക്കുന്നതിന് കുട്ടി നന്നേ വിഷമിക്കുകയാണ്. കുട്ടിയുടെ കഴുത്തില്‍ കിടന്ന കൊന്ത മുറുക്കി കുട്ടിയെ ശ്വാസം മുട്ടിച്ചുകൊല്ലാനും ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് കുട്ടി ബോധരഹിതനായി നിലത്തു വീണു.
ഈ സമയത്ത് ഒരു പെണ്‍കുട്ടി ടോയ്ലറ്റിലേയ്ക്ക് വരുന്നതുകണ്ട് ഇവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇരുമ്പു ദണ്ഡു പോലുള്ള ആയുധം ഉപയോഗിച്ച് കുട്ടിയുടെ കൈയില്‍ ആഴത്തില്‍ മുറിവും ഉണ്ടാക്കിയിട്ടുണ്ട്. പിന്നീട് ബോധം വീണതോടെകുട്ടി വീട്ടിലേയ്ക്ക് പോകുകയായിരുന്നു. പ്രതികള്‍ക്കെതിരെ ശരിയായ അന്വേഷണം നടത്താന്‍ പോലീസ് തയാറാകുന്നില്ലെന്ന് രക്ഷാകര്‍ത്താക്കള്‍ ആരോപിച്ചു.