ഫോമ ട്രഷറര്‍ സ്ഥാനത്തേക്ക് ജോസി കുരിശിങ്കലിന് ഇല്ലിനോയി മലയാളി അസോസിയേഷന്റെ പിന്തുണ

joseykurisinkal_pic2
3/2/2016
ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ഫോമയുടെ 2017 -18 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ട്രഷറര്‍ സ്ഥാനത്തേക്ക് ശ്രീ ജോസി കുരിശിങ്കല്‍ മത്സരിക്കുകയാണ്. അടുത്ത ഫോമാ സമ്മേളനം ഷിക്കാഗോയില്‍ നടക്കാനുള്ള എല്ലാ സാധ്യതകളും തെളിയുമ്പോള്‍ ട്രഷറര്‍ സ്ഥാനത്തേക്ക് ജോസി കുരിശിങ്കല്‍ തന്നെയാണ് ഉത്തമനായ സ്ഥാനാര്‍ത്ഥിയെന്ന് ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാം ജോര്‍ജ് അറിയിച്ചു.

ദീര്‍ഘകാല പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള വ്യക്തിത്വമാണ് ശ്രീ ജോസി കുരിശിങ്കല്‍. ഫോമയുടെ ആരംഭകാലം മുതല്‍ ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. റീജണല്‍ വൈസ് പ്രസിഡന്റ്, കമ്മിറ്റി മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളിലും സദാ വ്യാപൃതനാണ് ശ്രീ ജോസി. ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളിലൂടെ അദ്ദേഹം തന്റെ സേവനം മലയാളി സമൂഹത്തിന് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഇല്ലിനോയി മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ ജോസിയുടെ വിജയം ഉറപ്പുവരുത്തുന്നതിനായി ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും സാം ജോര്‍ജ് പറഞ്ഞു.

ഫോമാ സമ്മേളനത്തിന് വേദിയാകുവാന്‍ ഷിക്കാഗോയ്ക്ക് അവസരം ലഭിക്കുമ്പോള്‍ അസോസിയേഷന്റെ കരുത്തുറ്റ സാരഥിയുടെ വിജയം ഉറപ്പു വരുത്താനും സമ്മേളനം വിജയിപ്പിക്കാനും അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തകരും രംഗത്തിറങ്ങുമെന്ന് ഉറപ്പുണ്ട്. ഷിക്കാഗോ സമ്മേളനത്തില്‍ ശ്രീ ജോസിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് അസോസിയേഷന്റെ സകലവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും പ്രസിഡന്റ് സാം ജോര്‍ജ് അറിയിച്ചു.

സാം ജോര്‍ജ് (ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്)