ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാറിന്റെ രണ്ടാമത്തെ റെയില്‍വേ ബജറ്റ് മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഇത് രാജ്യത്തെ സാധാരണക്കാരുടെ താല്‍പര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ബജറ്റ് ആണെന്ന് പറഞ്ഞുകൊണ്ടാണ് പ്രഭു ബജറ്റവതരണം ആരംഭിച്ചത്.
ഏറ്റവും വെല്ലുവിളി നേരിടുന്ന സമയമാണിത്. ഇന്ത്യയുടെ പുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും നട്ടെല്ലായി റെയില്‍വെയെ മാറ്റുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷന്‍ ആണ് ഈ ബജറ്റിന്റെ പ്രചോദനം. 2016-17 കാലയളവില്‍ 1.5ലക്ഷം കോടിയുടെ റവന്യൂ ആണ് റെയില്‍വെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്തു ശതമാനം വര്‍ധന. കഴിഞ്ഞ ബജറ്റിനേക്കാള്‍ 8,720 കോടി അധിക വരുമാനം ആണ് ഇതുവഴി കൈവരുകയെന്നും സുരേഷ് പ്രഭു പറഞ്ഞു.
നിരക്ക് കൂലി കൂട്ടിയില്ല, രണ്ട് പുതിയ എഞ്ചിന്‍ ഫാക്ടറി, കോച്ച് ഫാക്ടറി തുടങ്ങാന്‍ 40000കോടി രൂപ, 1600 കിലോ മീറ്റര്‍ ലൈന്‍ വെദ്യുതീകരണം, 475 ബയോ ടോയ്‌ലറ്റുകള്‍, സ്ത്രീ സുരക്ഷക്കായുള്ള പദ്ധതികള്‍, എല്ലാ സ്റ്റേഷനിലും സി.സി.ടി.വി, വയോജനങ്ങള്‍ക്ക് ലോവര്‍ ബര്‍ത്ത്, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള റിസര്‍വേഷന്‍ ക്വാട്ട 50 ശതമാനമാക്കി, സാധാരണക്കാര്‍ക്കായി ദീര്‍ഘ ദൂര അന്ത്യോദയ എക്‌സ്പ്രസ് എന്നിവയാണ് എടുത്തുപറയേണ്ട പ്രഖ്യാപനങ്ങള്‍.
മാത്രവുമല്ലാ, പുതിയ ട്രെയിനുകള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചില്ല എന്നത് പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധത്തിനിടയാക്കി. കഴിഞ്ഞ ബജറ്റിന്റെ തുടര്‍ച്ച മാത്രമാണ് ഈ ബജറ്റ് എന്നും പുതിയ ട്രെയ്ന്‍ ഇല്ലാത്തത് കേരളത്തിലെ യാത്രക്കാരെ നിരാശപ്പെടുത്തിയെന്നും ബജറ്റിനോടുള്ള പ്രതികരണങ്ങളില്‍ പ്രധാനമാണ്.