09:39 am 12/10/2016
കണ്ണൂര്‍: ബന്ധു നിയമന വിവാദങ്ങളിൽ പ്രതികരിക്കാൻ മടിച്ച് സിപിഎം കണ്ണൂർ നേതാക്കൾ. പ്രതികരണങ്ങൾ തേടിയുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുകയും പൊതുവേദികളിൽ നിന്ന് അകന്ന് നിൽക്കുകയുമാണ് പി.കെ ശ്രമീതിയടക്കമുള്ള നേതാക്കൾ. എന്നാൽ ‘പുറത്താക്കും വരെ ജോലിക്ക് പോകുമെന്നാണ്” കേരള ക്ലേസ് ആന്റ് സെറാമിക്സിൽ മാനേജരായി ജോലി നേടിയ മന്ത്രി ഇ.പി ജയരാജന്റെ ബന്ധു ദീപ്തി നിഷാദിന്റെ കുടുംബത്തിന്റെ പ്രതികരണം. എന്തായാലും അവര് ഒഴിവാക്കുന്നത് വരെ പോവാല്ലോ. അതെല്ലാം ഇനി അതിന്റെ വഴിക്ക് നടക്കും. ഇത്രയൊക്കെ എത്തിയ സ്ഥിതിക്ക് ഇനി ഒന്നും പറയാനില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം.
സിപിഎമ്മിലെ കണ്ണൂർ ലോബിയുടെ ഐക്കണായ ഇ.പി ജയരാജനെ ചേർത്ത് നിയമന വിവാദത്തിൽ മോറാഴ ലോക്കൽ കമ്മിറ്റി ഔദ്യോഗികമായി പരാതി നൽകിയപ്പോള്‍ പാപ്പിനിശേരി ഏരിയാ കമ്മിറ്റി പ്രതിഷേധം ജില്ലാ കമ്മിറ്റിയെ അറിയിച്ചു. പ്രതിഷേധങ്ങൾ നേരിട്ട് ഇ.പിയെയും ധരിപ്പിച്ച് ജില്ലാ നേതൃത്വവും ഒപ്പമില്ലെന്ന് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ പ്രതികരിക്കാൻ ശ്രമിച്ച് പിൻവലിയേണ്ടി വന്ന പി.കെ ശ്രമീതി ഇന്നലെ മുഴുവൻ ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടുനിന്നു.
പ്രതികരണം തേടിയുള്ള വിളികൾക്കും മറുപടിയില്ല. പാർട്ടിയുടെ അടിത്തട്ടിൽ അമർഷം രൂക്ഷമായ പ്രശ്നത്തിൽ മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അടുപ്പക്കാരും പാർട്ടി ഘടകങ്ങളും വരെ നേതാക്കളെ കൈയൊഴിഞ്ഞെന്ന് വ്യക്തം.പതിനാല് നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേക്കാണ് പ്രതികരണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന് മറ്റ് നേതാക്കളും വിരൽ ചൂണ്ടുന്നത്. പാർട്ടിയുമായി ഒരുതരത്തിലും സഹകരിക്കാതെ ബന്ധുക്കളായതിന്റെ പേരിൽ മാത്രം നേതാക്കളുടെ സ്വന്തക്കാർ നിയമനം നേടിയതാണ് അതത് പ്രാദേശിക ഘടകങ്ങളെ ചൊടിപ്പിച്ചത്.
നിരന്തരം വിവാദങ്ങളുണ്ടാക്കുന്ന ഇ.പി ജയരാജനും, നിയമന വിവാദത്തിൽപ്പെട്ട പി.കെ ശ്രമതിക്കും എതിരെ രൂക്ഷമായ പ്രതികരണമാണ് സോഷ്യൽമീഡിയയിലും ഉയരുന്നത്. അതേസമയം, കേരള ക്ലേസ് ആന്റ് സെറാമിക്സ് മാനേജരായി നിയമിക്കപ്പെട്ട ഇ.പിയുടെ ബന്ധു ദീപ്തി നിഷാദ് യോഗ്യതയുള്ളയാളാണെന്നും നിയമനം താൽക്കാലികം മാത്രമാണെന്നും സ്ഥാപനത്തിന്റെ എം.ഡി വിശദീകരിക്കുന്നു. എന്നാൽ പാർട്ടി തീരുമാനം കാക്കുകയാണ് കുടംബം. വിവാദങ്ങളിൽ നേരിട്ട് പ്രതികരിക്കാൻ ഇവർ തയാറായില്ല. ഏതായാലും നിയമനങ്ങൾ റദ്ദാക്കുന്നതിൽ മാത്രമൊതുങ്ങില്ല പാർട്ടിക്കകത്തെ പ്രശ്നങ്ങൾ എന്നുറപ്പാണ്.