ബാര്‍കോഴ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

8:17pm 5/2/2016
p-sukeshan_0
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലന്‍സ് എസ്.പി ആര്‍. സുകേശനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. വിജിലന്‍സ് ഡയറക്ടര്‍ ആര്‍. ശങ്കര്‍ റെഡ്ഡിയുടെ ശിപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ബിജു രമേശ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിക്കൊപ്പം ഹാജരാക്കിയ ശബ്ദരേഖ അടങ്ങിയ സി.ഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.
2014 ഡിസംബര്‍ 14ന് എറണാകുളത്ത് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ ബിജു രമേശ് വെളിപ്പെടുത്തിയ കാര്യങ്ങളുടെ ശബ്ദരേഖ അടങ്ങുന്ന സിഡിയാണ് സമര്‍പ്പിച്ചത്. നാല് മന്ത്രിമാരുടെ കൂടി പേര് വെളിപ്പെടുത്താന്‍ സുകേശന്‍ ബിജു രമേശിനെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. കേസിന്റെ അന്വേഷണം ഏത് രീതിയില്‍ വേണമെങ്കിലും അവസാനിപ്പിക്കാമെന്നും എന്നാല്‍ താന്‍ ചാര്‍ജ് കൊടുക്കുമെന്നും എസ്.പി പറഞ്ഞതായും വിജിലന്‍സ് ഡയറക്ടര്‍ ആരോപിക്കുന്നു.
അതേസമയം എസ്.പി സുകേശനെതിരായ അന്വേഷണം ആഭ്യന്തര മന്ത്രിയുടെ ഓഫീസും വിജിലന്‍സും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് ബിജു രമേശ് പറഞ്ഞു. കോഴ വാങ്ങിയ പുതിയ മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തിയപ്പോഴാണ് തന്നെ കേസില്‍ ക്രിമിനല്‍ കേസില്‍ കുടുക്കാനുള്ള ശ്രമം. ചോദ്യം ചെയ്യലില്‍ പുതിയ മന്ത്രിമാരുടെ പേരുകള്‍ പറയാന്‍ തുടങ്ങിയപ്പോഴാണ് അത് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും നിങ്ങള്‍ പരാതി നല്‍കുകയോ മാധ്യമങ്ങള്‍ക്ക് നല്‍കുകയോ ചെയ്യാന്‍ സുകേശന്‍ പറഞ്ഞുവെന്നും ബിജു രമേശ് പറഞ്ഞു.