10:25 AM 24/10/2016
തൃശൂര്‍: ഭിന്നശേഷിക്കാരുടെ ജോലിസംവരണത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനൊരുങ്ങുന്നു. ഭിന്നശേഷിയുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന, സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാറും നിര്‍ദേശിച്ച ഒന്ന്, 34, 67 ടേണ്‍ എന്ന നിയമഭേദഗതിയില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് പി.എസ്.സിയും വ്യക്തമാക്കിയതോടെയാണ് തീരുമാനമെടുക്കുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം തിങ്കളാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഒരു മാസം മുമ്പ് പി.എസ്.സി ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് സര്‍ക്കാറിനെ അറിയിച്ചെങ്കിലും ഇതുവരെയും ഫയല്‍ നീങ്ങിയിരുന്നില്ല.
ഇതിനിടെ, ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ മുഖ്യമന്ത്രിയെ സമീപിച്ച സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലായത്. സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയാണ് മൂന്നുശതമാനം സംവരണമെന്ന വിധി ഭിന്നശേഷിക്കാര്‍ നേടിയത്. സാമൂഹികക്ഷേമ വകുപ്പിന്‍െറ കടുത്ത അനാസ്ഥയാണ് ഇതിന് കാരണമെന്ന് ഭിന്നശേഷിക്കാര്‍ പരാതിപ്പെടുന്നു.
1995ലാണ് ഭിന്നശേഷിക്കാര്‍ക്കുള്ള മൂന്നുശതമാനം ജോലി സംവരണം നിലവില്‍ വന്നത്. എന്നാല്‍, ഇത് നടപ്പിലാക്കാതെ വൈകിപ്പിക്കുകയായിരുന്നു. പിന്നീട് ഉദ്യോഗാര്‍ഥികളുടെ പരാതിയും നിയമപോരാട്ടത്തെയും തുടര്‍ന്ന് വിവിധ ഒഴിവുകളില്‍ ഒന്ന്, 34, 67 ക്രമത്തില്‍ അന്ധര്‍, ബധിരര്‍ പിന്നെ അംഗവൈകല്യമുള്ളവര്‍ എന്നിങ്ങനെ പരിഗണിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, ഇതിന് വിരുദ്ധമായി 2008ല്‍ പി.എസ്.സി 100 യൂനിറ്റ് ഒഴിവുപട്ടികയില്‍ ഭിന്നശേഷിക്കാരെ 33, 66, 99 എന്ന ക്രമത്തില്‍ പരിഗണിച്ചാല്‍ മതി എന്ന് ഉത്തരവിറക്കുകയായിരുന്നു.
സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാറും ഉത്തരവിട്ട നിര്‍ദേശമാണ് തുടര്‍ന്നുവന്ന ഇടത്-വലത് സര്‍ക്കാറുകളും അവര്‍ നിയന്ത്രിച്ച പി.എസ്.സിയും അട്ടിമറിച്ചത്. ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഫയലില്‍ അഭിപ്രായം തേടി പി.എസ്.സിക്ക് അയച്ച ഉത്തരവ്, ആഗസ്റ്റിലാണ് സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് അറിയിച്ച് തിരിച്ചയച്ചത്. അഞ്ചുമാസത്തോളം വിഷയം അജണ്ടയില്‍പോലും ഉള്‍പ്പെടുത്താതെ ഫയല്‍ പിടിച്ചുവെച്ച പി.എസ്.സി പുതിയ സര്‍ക്കാറിന്‍െറ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു തിരക്കിട്ട് ബോര്‍ഡ് യോഗം ചേര്‍ന്ന് സര്‍ക്കാറിന് തീരുമാനിക്കാമെന്ന് അറിയിച്ചത്.
നയപരമായ കാര്യമായതിനാല്‍ മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണെന്നതിനാല്‍ ഫയല്‍ പിന്നെയും വൈകി. കഴിഞ്ഞ ദിവസമാണ് സാമൂഹികനീതി വകുപ്പ് സെക്രട്ടറിയോട് പി.എസ്.സി, പി.എ.ആര്.ഡി, നിയമം ഉള്‍പ്പെടെ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. തിങ്കളാഴ്ച ഇതുസംബന്ധിച്ച് യോഗം ചേരുമെന്ന് സാമൂഹികനീതി വകുപ്പ് സെക്രട്ടറി ഷാജഹാന് പറഞ്ഞു. യോഗത്തിലെ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാകും ഭിന്നശേഷിക്കാരുടെ ജോലിസംവരണത്തിലെ സര്‍ക്കാര്‍ നിലപാട്.