മണിയുടെ ശരീരത്തില്‍ വിഷമദ്യം: ജാഫര്‍ ഇടുക്കിയെയും സാബുവിനെയും സംശയമെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍

02:50pm 29/5/2106
download (6)
തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ നടന്‍മാരായ തരികിട സാബുവിനും ജാഫര്‍ ഇടുക്കിയ്ക്കുമെതിരെ ആരോപണവുമായി ആര്‍.എല്‍.വി രാമകൃഷ്ണന്‍. കലാഭവന്‍ മണി ആശുപത്രിയില്‍ ആകുന്നതിന്റെ തലേന്ന് പാടിയില്‍ വന്ന ആരോ ആയിരിക്കും വിഷമദ്യം കൊണ്ടുവന്നതെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. ജാഫര്‍ ഇടുക്കിയും തരികിട സാബുവും അടക്കമുള്ളവരെ സംശയിക്കേണ്ടി വരുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
വിഷമദ്യം കൊണ്ടുവന്നത് തെളിയിക്കാതിരിക്കാന്‍ വേണ്ടിയാകും തിടുക്കപ്പെട്ട പാടി വൃത്തിയാക്കിയതെന്നും രാമകൃഷ്ണന്‍ പറഞ്ഞു. അന്നു പാടി വൃത്തിയാക്കി കൊണ്ടു പോയത് പച്ചക്കറിയും മറ്റു ഭക്ഷണാവശിഷ്ടങ്ങളുമായിരുന്നെന്നാണ് വൃത്തിയാക്കിയവര്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് ഇപ്പോഴും സംശയമുണ്ടെന്നും അന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരെയും വീണ്ടും ചോദ്യം ചെയ്യമമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
തന്റെ സഹോദരന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. പാടിയില്‍ ഒരു നാലുകെട്ട് പണിയാന്‍ മണിച്ചേട്ടന്‍ ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടി തൊട്ടടുത്ത സ്ഥലം വാങ്ങാന്‍ ഒരുങ്ങുകയായിരുന്നു. ഇതിനായി പണം കടം കൊടുത്തവരില്‍ നിന്ന് മണി പണം തിരികെ ചോദിച്ചിരുന്നു. ഈ സാമ്പത്തിക ഇടപാടുകളാകാം മണിയുടെ മരണത്തിലേക്ക് നയിച്ചതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.