09:37am 11/02/2016
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. നേരത്തെ തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ഹരജി തള്ളിയ സാഹചര്യത്തിലാണ് ജയരാജന് ഹൈകോടതിയെ സമീപിച്ചത്. ജയരാജന് ജാമ്യം അനുവദിച്ചതിനെതിരെ മനോജിന്റെ സഹോദരനും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.നേരത്തെ മൂന്നു തവണ തലശ്ശേരി സെഷന്‍സ് കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കേസ് ഡയറി സമര്‍പ്പിക്കാന്‍ വൈകിയ സി.ബി.ഐ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതുവരെ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തത് തികഞ്ഞ അലംഭാവമാണെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് വൈകുന്നേരത്തോടെ രേഖകള്‍ സി.ബി.ഐ ഹൈകോടതിക്ക് കൈമാറുകയായിരുന്നു.
കതിരൂര്‍ മനോജിന്റെ വധത്തിന്റെ ബുദ്ധികേന്ദ്രം പി. ജയരാജനാണെന്ന് സി.ബി.ഐ ഇന്നലെ കോടതിയില്‍ എതിര് സത്യവാങ്മൂലം നല്‍കിയിരുന്നു. എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഈ കേസില്‍ മാത്രമല്ല മറ്റു പല മൃഗീയ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും ജയരാജനുണ്ട്. നിയമത്തെ മറികടക്കാനാണ് ജയരാജന് ശ്രമിക്കുന്നത്. കേസിന്റെ തുടരന്വേഷണത്തിന് ജയരാജനെ അറസ്റ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്നും സി.ബി.ഐ ഹൈകോടതിയെ അറിയിച്ചു.