11:58am 10/02/2016
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ . ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്താണ് സി.ബി.ഐ ഹൈകോടതിയെ സമീപിച്ചത്. മനോജ് വധക്കേസില്‍ ഗൂഢാലോചനയിലും ആസൂത്രണത്തിലും ജയരാജന് പങ്കുണ്ടെന്ന് സി.ബി.ഐ പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരാന്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും ജയരാജനെ ചോദ്യം ചെയ്യണമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. ജയരാജന്റെ മുന്‍കൂര്‍ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം.
മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം ജയരാജനാണ്. അതിനുള്ള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട്. മനോജ് വധക്കേസില്‍ മാത്രമല്ല. പല മൃഗീയമായ കുറ്റകൃത്യങ്ങളിലും ജയരാജന് പങ്കുണ്ട്. പാര്‍ട്ടിയെ ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാക്കുകയാണ് ജയരാജന്റെ രീതിയെന്നും സത്യവാങ്മൂലത്തില്‍ സി.ബി.ഐ വ്യക്തമാക്കി.
തലശ്ശേരി സെഷന്‍സ് കോടതി മൂന്നു തവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ജയരാജന്‍ ഹൈകോടതിയെ സമീപിച്ചത്. ജയരാജന് ജാമ്യം നല്‍കുന്നതിനെതിരെ മനോജിന്റെ സഹോദരന്‍ ഉദയകുമാറും ഹൈകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.