ഹൈദരാബാദ്: ചലച്ചിത്ര നടി കല്‍പന (51) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ഹൃദയാഘാതം കാരണമാണ് കല്‍പനയുടെ മരണം സംഭവിച്ചത്. ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് കല്‍പന ഇന്നലെ ഉച്ചയോടെ ഹൈദരാബാദില്‍ എത്തിയത്. ഹൈദരാബാദിലെ ഹോട്ടലില്‍ കഴിയുകയായിരുന്ന അവരെ അതീവ ഗുരുതരാവസ്ഥയില്‍ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാടകപ്രവര്‍ത്തകരായ ചവറ പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ് കല്‍പന. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലിയാണ് കല്‍പന അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം.
1965 ഒക്ടോബര്‍ അഞ്ചിനാണ് ജനനം. ബാലതാരമായാണ് സിനിമയില്‍ എത്തിയത്. 1983ല്‍ പുറത്തിറങ്ങിയ മഞ്ഞ് ആണ് ആദ്യ ചിത്രം. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. ‘തനിച്ചല്ല ഞാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. തനിക്ക് ലഭിച്ച എല്ലാ കഥാപാത്രങ്ങളും കല്‍പന മികച്ചതാക്കി മാറ്റി. ഹാസ്യവും സീരിയസ് കഥാപാത്രങ്ങളും ഒരുപോലെ അഭിനയിച്ച് ഫലിപ്പിച്ചു.
നടിമാരായ കലാരഞ്ജിനിയും ഊര്‍വശിയും സഹോദരിമാരാണ്. അന്തരിച്ച കമല്‍ റോയ്, പ്രിന്‍സ് എന്നിവരാണ് സഹോദരന്‍മാര്‍. ഇവരും ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ അനിലുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മകള്‍ ശ്രീമയിയോടൊപ്പം കഴിയുകയായിരുന്നു. ഞാന്‍ കല്‍പന എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.മൃതദേഹം ഇന്നു വൈകിട്ടോടെ കേരളത്തില്‍ എത്തിക്കും. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.