മല്യയുടെ അഭിമുഖത്തിന്റെ പൂര്‍ണരൂപം പുറത്തുവിട്ടു

01:07pm 15/3/2016
download

ന്യൂഡല്‍ഹി: വിജയ് മല്യ നിഷേധിച്ച ഇ-മെയില്‍ അഭിമുഖത്തിന്റെ പൂര്‍ണരൂപം ‘സണ്‍ഡേ ഗാര്‍ഡിയന്‍’ പത്രം പുറത്തുവിട്ടു. താന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്ന് നേരത്തെ മല്യ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പത്രം അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

തനിക്ക് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ഇതല്ല അതിന് പറ്റിയ സമയമെന്നും മല്യ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാനൊരു ഇന്ത്യക്കാരനാണ്. ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രമഹമുണ്ടെങ്കിലും എന്റെ ഭാഗം വ്യക്തമാക്കാനുള്ള അവസരം കിട്ടുമെന്ന് ഉറപ്പില്ല. താന്‍ കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞുവെന്നും മല്യ പറഞ്ഞു.

താന്‍ പറയുന്ന കാര്യങ്ങള്‍ അതേപോലെ പ്രസിദ്ധീകരിക്കണമെന്നും കാര്യങ്ങള്‍ വളച്ചൊടിച്ച് പുറത്തുവിടരുതെന്നും മല്യ പറയുന്നുണ്ട്. എന്നാല്‍ താന്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ സുരക്ഷിതത്വം നഷ്ടപ്പെടുമെന്നും അഭിമുഖത്തില്‍ മല്യ വ്യക്തമാക്കി.

താന്‍ അഭിമുഖം നല്‍കിയതായ വാര്‍ത്ത ഞെട്ടിച്ചു എന്നായിരുന്നു നേരത്തെ മല്യയുടെ പ്രതികരണം.

അതേസമയം, മല്യയുടെ വിദേശ സ്വത്തുവിവരങ്ങള്‍ ലഭിക്കുന്നതിനായി സി.ബി.ഐ കോടതിയെ സമീപിച്ചേക്കും. ഇതിനായുള്ള നിയമ നീക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അതു കഴിഞ്ഞാലുടന്‍ സി.ബി.ഐ വിദേശ മന്ത്രാലയവുമായി ബന്ധപ്പെടും.

യു.എസ്, യു.കെ, ഫ്രാന്‍സ്, ഹോങ്കോങ് തുടങ്ങി ഒട്ടനവധി രാജ്യങ്ങളില്‍ മല്യക്ക് സ്വത്തുക്കളുണ്ട്. സാന്‍ഫ്രന്‍സിസ്‌കോയിലും ഫ്രാന്‍സിലും വന്‍ സ്വത്തുക്കളുള്ളതായി യുനൈറ്റഡ് ബ്രുവറീസ് മുന്‍ സി.എഫ്.ഒ രവി നെടുങ്ങാടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുമ്പാകെ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇവയെല്ലാം മല്യ ഉപയോഗിച്ചുവരുന്നതാണെങ്കിലും ഇതിന്റെയെല്ലാം നിയമപരമായ അവകാശം മല്യക്ക് തന്നെയാണോ എന്നത് ഉറപ്പില്ലെന്നും രവി നെടുങ്ങാടി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ യുടെ പുതിയ നീക്കം.

2010ല്‍ തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തില്‍ തന്റെ സമ്പാദ്യത്തില്‍ കാശായി 9500 രൂപയുണ്ടെന്നും മറ്റു സ്വത്തുക്കളോ കടബാധ്യതയോ ഇല്ലെന്നും മല്യ പറഞ്ഞിരുന്നു.