ന്യുഡല്‍ഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐയ്ക്കും സൈന്യത്തിനും പങ്കുണ്ടായിരുന്നുവെന്ന് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ). പാകിസ്താന്‍ സര്‍ക്കാരിന്റെ അറിവോടെയായിരുന്നു ആക്രമണം. കേസില്‍ മാപ്പുസാക്ഷിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഉദ്ധരിച്ചാണ് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. ഹെഡ്‌ലി നാളെ അമേരിക്കന്‍ കോടതിയില്‍ മൊഴി നല്‍കാനിരിക്കേയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അമേരിക്കന്‍ അന്വേഷണ ഏജന്‍സി നല്‍കിയ വിവരങ്ങളും ഹെഡ്‌ലിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്.
26/11 ആക്രമണത്തിന് തുടക്കമിട്ടത്് ലഷ്‌കറെ തോയിബ മേധാവി ഹാഫീസ് സെയ്ദാണെന്ന് ഹെഡ്‌ലി അംഗീകരിക്കുന്നു. ഐ.എസ്.ഐയുടെ സഹായത്തോടെയാണ് ആക്രമണം നടപ്പാക്കിയത്. ഐ.എസ്.ഐയിലെ മേജര്‍മാരായ ഇഖ്ബാലും സമീര്‍ അലിയും താനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഐ.എസ്.ഐയിലെ ബ്രിഗേഡിയര്‍ റിവാസ് സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ ലഖ്‌വിയെ ഐ.എസ്.ഐ ചീഫ് ഷൂജ പാഷ്വാ ജയിലില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. ഐ.എസ്.ഐയുടെ വാഗ്ദാനപ്രകാരം താന്‍ ആക്രമണകേന്ദ്രങ്ങളില്‍ നിരീക്ഷണവും നടത്തിയിരുന്നു. ഇതിന് അവര്‍ പണം നല്‍കി. വൈസ് പ്രസിഡന്റിന്റെ വസതി, ഇന്ത്യാ ഗേറ്റ്, സി.ബി.ഐ ഓഫീസ് എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തി വിവരം നല്‍കിയതിനും ഐ.എസ്.ഐ പണം നല്‍കിയിരുന്നുവെന്നും ഹെഡ്‌ലി സമ്മതിക്കുന്നു. സി.എന്‍.എന്‍ഐ.ബി.എന്‍ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍ ഇന്ത്യയുടെ നിലപാടുകള്‍ക്ക് വലിയ മേല്‍ക്കൈ നല്‍കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പറഞ്ഞു. ദോവല്‍ യു.എസ് അനിധൃതരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഹെഡ്‌ലിയുടെ മൊഴിയെന്നതും ശ്രദ്ധേയമാണ്.
ഭീകരതയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ അമേരിക്ക പാകിസ്താന് മുന്നറിയിപ്പ് നല്‍കിയതിനും ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ പ്രകീര്‍ത്തിച്ചതിനും പിന്നാലെയാണ് ഹെഡ്‌ലിയുടെ കുറ്റസമ്മതവും പുറത്തുവരുന്നത്.
ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍ സത്യമാണെന്ന് ഹെഡ്‌ലിയെ ചോദ്യം ചെയ്ത എന്‍.ഐ.എ സംഘത്തിലവന്‍ ലോക്‌നാഥ് ബഹ്‌റയും വ്യക്തമാക്കി. ഐ.എസ്.ഐയുടെ പരിശീലനം ഭീകരര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ആരുടെയും സഹായം ഭീകരര്‍ക്ക് ലഭിച്ചിട്ടില്ലെന്നും ബഹ്‌റ പറഞ്ഞു.