04:26 PM 18/10/2016
കൊച്ചി: മുത്തലാഖ് അവസാനിപ്പിക്കണമെന്ന കാര്യത്തിൽ കേന്ദ്ര ഗവണ്മെന്റ് ഉറച്ചുനില്‍ക്കുന്നതായി കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. മുത്തലാഖ് മതവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. അത് അവസാനിപ്പിക്കണമെന്ന് മുസ്ലിം സ്ത്രീകൾ തന്നെയാണ് ആവശ്യപ്പെടുന്നത്.
സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ കേന്ദ്ര പദ്ധതികളുടെ അവലോകനത്തിനായി കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ലിംഗവിവേചനം അംഗീകരിക്കാനാവില്ല. സാമ്പത്തികമായോ മതപരമായോ സ്ത്രീകള്‍ക്ക് എതിരായ വിവേചനം അംഗീകരിക്കാനാവില്ല. ഒരു മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമത്തിന് പ്രാമുഖ്യം നല്‍കാനാവില്ല. രാജ്യത്ത് ലിംഗ സമത്വവും തുല്യനീതിയുമാണ് നടപ്പാകേണ്ടത്.
മുത്തലാഖ് സംബന്ധിച്ചാണ് വ്യാപക ചര്‍ച്ച വേണ്ടത്. ഇക്കാര്യത്തിൽ മുസ്ലിം സംഘടനകള്‍ക്ക് ഉറപ്പുള്ളതും വ്യക്തവുമായ അവകാശമുണ്ടെങ്കില്‍ അവരെന്തിനാണ് നിയമ കമ്മീഷനെ ബഹിഷ്കരിക്കുന്നത്. തങ്ങളുടെ വാദമുഖങ്ങള്‍ വ്യക്തമായി അവതരിപ്പിക്കുകയല്ലേ വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.