മൂലകോശ ദാന രജിസ്‌ട്രേഷന്‍ ക്യാമ്പ് 22ന്

21-3-2016
DNA molecules
മാരകമായ രോഗങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരെ സംരക്ഷിക്കാന്‍ അവസരം നല്‍കുന്ന മൂലകോശ ദാന രജിസ്‌ട്രേഷന്‍ ക്യാമ്പ് കൊച്ചി എടത്തല കെ.എം.ഇ.എ എന്‍ജിനീയറിങ്ങ് കോളേജില്‍ ചൊവ്വാഴ്ച നടക്കും. രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കാവുന്ന ഒരു കോശം മറ്റുള്ളവര്‍ക്ക് ജീവനേകുന്നതിന്റെ വലിയ വ്യാപ്തി പങ്കുവച്ച് ചെന്നൈ ആസ്ഥാനമായ സന്നദ്ധ സംഘടന ദാത്രിയാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.
അമേരിക്കയിലെ മസാചുസൈറ്റ്‌സില്‍ സാമ്പത്തിക ഉപദേഷ്ടാവായ ഡല്‍ഹി സ്വദേശി ജതിന്‍ തുതേജയുടെയും ഭാര്യ ഭവ്യയുടെയും രണ്ട് വയസുള്ള മകള്‍ മീരയ്ക്കാണ് മൂലകോശം ആവശ്യമുള്ളത്. അക്യൂട്ട് മെലോയ്ഡ് ലൂക്കീമിയ ബാധിച്ച മീരയ്ക്ക് കീമോ തെറാപ്പി അടക്കമുള്ള ചികിത്സകള്‍ നല്‍കിയെങ്കിലും രോഗം ഭേദമായിട്ടില്ല. യോജിച്ച മൂലകോശം ലഭ്യമായാല്‍ മീരയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ കോളേജില്‍ നിന്നും ക്യാമ്പ് വഴി മൂന്ന് പേര്‍ മൂലകോശം ദാനം ചെയ്തിരുന്നു. സന്നദ്ധരാകുന്നവരുടെ കവിളിന്റെ ഉള്‍വശത്തു നിന്നും പഞ്ഞികൊണ്ട് ഉരസുമ്പോള്‍ കിട്ടുന്ന കോശങ്ങളാണ് സാംപിളായി സ്വീകരിക്കുന്നത്.
പതിനായിരത്തില്‍ ഒരാള്‍ക്കാണ് മറ്റൊരാളിന്റേതിന് സമാനമായി മൂലകോശങ്ങള്‍ ഉണ്ടാവുക. യോജിച്ച ദാതാവിനെ കിട്ടിയാല്‍ അഞ്ച് ദിവസം ഇഞ്ചെക്ഷന്‍ നല്‍കിയശേഷം എടുക്കുന്ന രക്തത്തില്‍ നിന്നും മൂലകോശം വേര്‍തിരിച്ചെടുക്കും. സ്വീകര്‍ത്താവിന്റെ രക്തഗ്രൂപ്പ് പോലും ദാതാവിന്റേതിനോട് സമാനമാകുന്ന പ്രക്രിയയാണ് പിന്നീട് നടക്കുകയെന്നും
ജീവനുള്ള വളര്‍ച്ചയെത്തിയ ശരീരത്തില്‍ മറ്റൊരാളിന്റെ ജീവന്‍തുടിക്കുന്ന അപൂര്‍വ്വതയാണിതെന്ന് ദാത്രിയുടെ കേരളത്തിലെ കോര്‍ഡിനേറ്റര്‍ എബി സാം ജോണ്‍. കേരളത്തില്‍ നിന്നുള്ള ആദ്യ മൂലകോശ ദാതാവാണ് എബി സാം ജോണ്‍.
ഇന്ത്യയില്‍ ഇതുവരെ 147 ആളുകള്‍ മൂലകോശങ്ങള്‍ ദാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ 18 പേരാണ് ദാനം ചെയ്തിരിക്കുന്നത്. നാല് മണിക്കൂര്‍ ആസ്പത്രി കിടക്കയില്‍ ചെലവഴിക്കാന്‍ തയ്യാറാവുക എന്നതൊഴിച്ചാല്‍ ദാതാവിന് മറ്റൊരു ആരോഗ്യ പ്രശ്‌നവും ഇത് വഴി ഉണ്ടാകില്ല. രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയാണ് ക്യാമ്പ് നടക്കുക. പൊതുജനങ്ങള്‍ക്കായി പ്രത്യേക കൗണ്ടര്‍ ഉള്‍പ്പെടെ മുപ്പതോളം കൗണ്ടറുകള്‍ സജ്ജമാക്കിയതായി കോളേജ് അധികൃതര്‍ അറിയിച്ചു.