1:34pm 24/3/2016
പി.പി.ചെറിയാന്‍
അഴിമതിരഹിതവും, സുസ്ഥിരവുമായ ഭരണത്തിന് വ്യക്തമായ ഭൂരിപക്ഷത്തോടു കൂടിയ ഭരണപക്ഷം അത്യന്താപേക്ഷിതമാണെന്നും, അതേ സമയം മൃഗീയ ഭൂരിപക്ഷം അധികാരത്തിലിരിക്കുന്നവരെ അഹങ്കാരികളാക്കി മാറുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും മലങ്കര മാര്‍ത്തോമാ സഭാ മെത്രാപ്പോലീത്ത റൈറ്റ്‌സ് റവ.ഡോ.ജോസഫ് മാര്‍ത്തോമാ അഭിപ്രായപ്പെട്ടു. നവംബറില്‍ അമേരിക്കയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പും, അടുത്ത മാസങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ നിയമസഭാ തിരിഞ്ഞെടുപ്പിലേക്കും പ്രവേശിക്കുന്ന സാഹചര്യത്തില്‍ സഭാ ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് മാര്‍ത്തോമാ മെത്രാപ്പോലീത്താ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
മുന്നണി സംവിധാനത്തിന്റെ ദൗര്‍ബല്യമായി പലപ്പോഴും മാറുന്നത് ചെറിയ പാര്‍ട്ടികളുടെ സമ്മര്‍ദതന്ത്രങ്ങളാണ്. വിലപേശല്‍ നടത്തി സ്വന്തം കാര്യം നേടാനുള്ള ശ്രമങ്ങളാണ് പല പാര്‍ട്ടികളും നിരന്തരം നടത്തികൊണ്ടിരിക്കുന്നത്. നല്ല ദര്‍ശനവും ദേശീയ അവബോധവും ആദര്‍ശ ധീരതയും സല്‍സ്വഭാവികളുമായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മെത്രാപോലീത്താ ഉദ്‌ബോധിപ്പിച്ചു. വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ രാജ്യം തികഞ്ഞ അരാജകത്വത്തിലേക്ക് നീങ്ങുമെന്ന് മെത്രാപോലീത്താ മുന്നറിയിപ്പ് നല്‍കി. ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം കര്‍ത്തവ്യങ്ങളും, കടമകളും ഉത്തരവാദിത്വപൂര്‍വ്വം നിര്‍വ്വഹിക്കുവാന്‍ തക്ക അവബോധമുള്ള ജനതയായി വളരുവാന്‍ ദൈവകൃപ ആവശ്യമാണെന്നും, അതിനു പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്നും സഭാ ജനങ്ങളെ മെത്രാപോലീത്ത ഉദ്‌ബോധിപ്പിച്ചു.