01:02 pm 17/10/2016
കോഴിക്കോട്: റോഡ് നിയമലംഘനക്കേസുകള്‍ പൊതുനിരത്തില്‍ തന്നെ വിചാരണ ചെയ്ത് തീര്‍പ്പാക്കുന്ന മൊബൈല്‍ കോടതി ഇനി ഓര്മ. ട്രാഫിക് നിയമലംഘനങ്ങള്‍ തല്‍സമയം തീര്‍പ്പാക്കാന്‍ 50 കൊല്ലത്തോളമായി പ്രവര്‍ത്തിക്കുന്ന ചലിക്കുന്ന കോടതി സംവിധാനമാണ് നിര്‍ത്തലാക്കിയത്.
സംസ്ഥാനതലത്തിലുള്ള തീരുമാന പ്രകാരം കോഴിക്കോട്ടെ കോടതിയും ഓട്ടം നിര്‍ത്തി. ഇപ്പോള്‍ മൊബൈല്‍ കോടതിയുടെ ചുമതലയുള്ള രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഗാര്‍ഹിക പീഡന കേസുകള്‍ക്കായുള്ള പ്രത്യേക കോടതിയാക്കി മാറ്റുന്ന കാര്യം പരിഗണനയിലാണ്. പൊലീസിന് വലിയ പിഴചുമത്താന്‍ അധികാരമില്ലാതിരുന്ന കാലത്താണ് കേസ് കോടതി കയറിയിറങ്ങി നീണ്ടുപോകുന്നത് ഒഴിവാക്കാന്‍ ചലിക്കുന്ന കോടതികള്‍ എന്ന ആശയമുദിച്ചത്.
കോടതിക്കൊപ്പം സഞ്ചരിക്കുന്ന പൊലീസ് സംഘം വാഹനങ്ങള്‍ പിടികൂടി കേസെടുത്ത് അപ്പോള്‍ തന്നെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി തീര്‍പ്പ് കല്പിക്കുന്നതായിരുന്നു സംവിധാനം. പുതിയ നിയമങ്ങള്‍ വന്നതോടെ വലിയ പിഴ ചുമത്താന്‍ പൊലീസിനുതന്നെ അധികാരം വന്നു. ഇക്കാരണത്താല്‍ കോടതിയുടെ പ്രവര്‍ത്തനം ആവശ്യമില്ളെന്നാണ് വിലയിരുത്തല്‍. ന്യായാധിപന്‍െറ ഇരിപ്പിടവും പ്രതിക്കൂടുമുള്ള വിചാരണമുറിയടങ്ങിയതായിരുന്നു വാഹനം.
കോടതിയായി പ്രവര്‍ത്തിക്കാന്‍ തയാറാക്കിയ വാഹനം മതിയായ നിബന്ധന പാലിക്കാത്തതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തിരിച്ചയച്ചത് വാര്‍ത്തയായിരുന്നു.
അതിനുശേഷം ഏര്‍പ്പെടുത്തിയ വാഹനമാണ് ഇപ്പോള്‍ ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപം വിശ്രമിക്കുന്നത്. ഒരുകാലത്ത് ജില്ലയിലെ റോഡുകളില്‍ നിയമലംഘകരുടെ പേടിസ്വപ്നമായിരുന്നു മൊബൈല്‍ കോടതി. മജിസ്ട്രേറ്റ് മുന്നിലുള്ളപ്പോള്‍ നിയമലംഘനത്തോട് കണ്ണടക്കാന്‍ പൊലീസുകാര്‍ തയാറായിരുന്നില്ല. പിഴയിനത്തില്‍ ലക്ഷങ്ങള്‍ സര്‍ക്കാറിന് നേടിക്കൊടുത്തുകൊണ്ടാണ് മൊബൈല്‍ കോടതി ഓട്ടം എന്നന്നേക്കുമായി നിര്‍ത്തിയത്.