10:12AM 16/3/2016
നെയ്പിഡോ: ദശകങ്ങളോളം പട്ടാള ഭരണകൂടങ്ങളുടെ ഉരുക്കുമുഷ്ടിക്കുള്ളിലായിരുന്ന മ്യാന്‍മറിന് സൈന്യത്തിനു പുറത്തുനിന്നു പ്രസിഡന്റായി. മ്യാന്‍മറിന്റെ ജനാധിപത്യ പ്രക്ഷോഭനായിക ഓങ് സാന്‍ സ്യു കിയുടെ വിശ്വസ്ത വിധേയന്‍ – തിന്‍ ക്യാവ്.
പുതിയ പാര്‍ലമെന്റംഗങ്ങളുടെ വോട്ടില്‍ പകുതിയിലധികം നേടിയാണ് തിന്‍ വിജയിയായത്. 652 വോട്ടില്‍ 360 എണ്ണം നേടിയ അദ്ദേഹം ഏപ്രില്‍ ഒന്നിനു സ്ഥാനമേല്‍ക്കും. തിന്നിനെതിരേ മല്‍സരിച്ച മുന്‍ ജനറല്‍ മിന്റ് സ്വെ, ഹെന്റി വാന്‍ തിയോ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും.നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്യു കിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വന്‍ വിജയം നേടിയെങ്കിലും വിദേശപൗരത്വമുള്ള ജീവിതപങ്കാളിയോ മക്കളോ ഉള്ളവരെ പ്രസിഡന്റ് പദത്തില്‍ നിന്നു വിലക്കുന്ന ഭരണഘടനാവ്യവസ്ഥ പ്രതിബന്ധമായി. തങ്ങളുടെ അടിത്തറയിളക്കിയ സ്യു കി അധികാരമേറുന്നതു തടയാനായി പട്ടാളഭരണകൂടം കൊണ്ടുവന്ന ഈ വ്യവസ്ഥയ്ക്കെതിരേ ശബ്ദമുയര്‍ന്നെങ്കിലും പട്ടാളം വഴങ്ങിയില്ല.
ആരു പ്രസിഡന്റായാലും തനിക്കായിരിക്കും മേല്‍ക്കോയ്മ എന്നു വ്യക്തമാക്കിയാണ് വിശ്വസ്തനായ തിന്നിനെ സ്യു കി സ്ഥാനാര്‍ഥിയാക്കിയത്.
വിജയം സ്യു കിയുടേതെന്നു പ്രഖ്യാപിച്ച് തിന്‍ വിധേയത്വം വ്യക്തമാക്കുകയും ചെയ്തു.ജനാധിപത്യ ഭരണകൂടം വരുമ്പോഴും നിര്‍ണായക അധികാരം പട്ടാളത്തിന്റെ കൈയില്‍ത്തന്നെയാകും. ആഭ്യന്തരം, പ്രതിരോധം, അതിര്‍ത്തിരക്ഷാ വകുപ്പുകള്‍ അവരാകും കൈയാളുക.