01:18 pm 18/10/2016
മഡ്രിഡ്: ഗ്രൂപ് റൗണ്ടില്‍ നില ഭദ്രമാക്കാനായി ഇന്നും നാളെയുമായി വമ്പന്മാര് കളത്തിലിറങ്ങും. ഗ്രൂപ് ‘ഇ’ മുതല്‍ ‘എച്ച്’ വരെ ഇന്ന് രാത്രിയില്‍ മത്സരിക്കുമ്പോള്‍ ശേഷിക്കുന്നവര്‍ നാളെ കളത്തിലിറങ്ങും.
തോല്‍വിയറിയാതെ 14 കളി പൂര്‍ത്തിയാക്കിയ റയല്‍ മഡ്രിഡ് ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം ജയം തേടിയാണ് സ്വന്തം മണ്ണില്‍ പന്തുതട്ടുന്നത്. ഗ്രൂപ് ‘എഫി’ല്‍ പോളിഷ് ചാമ്പ്യന്മാരായ ലഗിയ വാര്‍സാവയാണ് എതിരാളി.
ആദ്യ മത്സരത്തില്‍ പോര്‍ചുഗല്‍ ക്ളബ് സ്പോര്‍ട്ടിങ്ങിനോട് ജയിക്കുകയും രണ്ടാമങ്കത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനോട് സമനില വഴങ്ങുകയും ചെയ്ത റയല്‍ ലാ ലിഗയിലെ ഉജ്ജ്വല വിജയം നല്കിയ ആവേശത്തിലാണ് സാന്റിയാഗോ ബെര്‍ണബ്യൂവില്‍ കളിക്കുക.
കഴിഞ്ഞ ജൂലൈയില്‍ ചെല്‍സിക്കെതിരായ ജയത്തോടെ തുടങ്ങിയതാണ് റയലിന്‍െറ കുതിപ്പ്. 14 കളി കഴിഞ്ഞപ്പോള്‍ 10 ജയവും നാല് സമനിലയുമായാണ് മുന്നേറ്റം. തുടര്‍ സമനിലകള്‍ക്ക് ആറ് ഗോള്‍ ജയത്തോടെ അന്ത്യംകുറിച്ചാണ് സാന്റിയാഗോയിലേക്കുള്ള വരവ്.
ഗ്രൂപ്പിലെ മറ്റൊരു അങ്കത്തില്‍ സ്പോര്‍ട്ടിങ്ങും ഡോര്‍ട്മുണ്ടും ഏറ്റുമുട്ടും.
‘ഇ’യില്‍ ബയര്‍ ലെവര്കൂസന് ടോട്ടന്‍ഹാമിനെയും, സി.എസ്.കെ.എ മോസ്കോ എ.എസ് മൊണാകോയെയും നേരിടും. ഇംഗ്ളീഷ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയും ഡെന്മാര്ക്കില്നിന്നുള്ള എഫ്.സി കോപന്‍ഹേഗനും ‘ജി’യില്‍ മത്സരിക്കും. രണ്ടു കളിയും ജയിച്ചാണ് ലെസ്റ്റര്‍ കളത്തിലിറങ്ങുന്നത്. എച്ചില് ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസ് ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ല്യോണിനെ നേരിടും.