യു.ഡി.എഫിന്റെ പിന്‍തുണ : ബാബു മന്ത്രിതന്നെ; മാണിയെ തിരിച്ചു വിളിച്ചു.

download

10:25am
31/1/2016

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനേത്തുടര്‍ന്ന് എക്‌സൈസ് മന്ത്രി കെ. ബാബു സമര്‍പ്പിച്ച രാജി മുഖ്യമന്ത്രി തള്ളി. വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണിത്. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട് യു.ഡി.എഫ്. കക്ഷിനേതാക്കളുടെ യോഗം അംഗീകരിച്ചു. ഇതേ കേസില്‍ രാജിവച്ച കെ.എം. മാണിക്കു മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള രാഷ്ട്രീയാനുമതി നല്‍കാനും യോഗം തീരുമാനിച്ചു. മാണിയോടു മന്ത്രിസഭയിലേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെടും.
ബാബുവിന്റെ രാജി നേരത്തേ സ്വീകരിച്ചിരുന്നെങ്കില്‍ അതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുതന്നെ വന്‍തിരിച്ചടിയായേനേ. കോടതി പരാമര്‍ശം വന്നയുടന്‍ രാജിവച്ച ബാബുവിന്റെ പാത പിന്തുടരാന്‍ മുഖ്യമന്ത്രിയും ബാധ്യസ്ഥനാകുമായിരുന്നു. തൃശൂര്‍ വിജിലന്‍സ് കോടതിവിധിയേത്തുടര്‍ന്നു ബാബു മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും ഹൈക്കോടതിയില്‍നിന്നു രണ്ടുമാസത്തേക്കു സ്‌റ്റേ ലഭിച്ച സാഹചര്യത്തില്‍ അതിനു പ്രസക്തിയില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. ഇത് അദ്ദേഹം യു.ഡി.എഫ്. യോഗത്തെ അറിയിച്ചു. യു.ഡി.എഫില്‍ നില്‍ക്കുന്നിടത്തോളം മുന്നണി തീരുമാനം ബാബു അംഗീകരിക്കേണ്ടതുണ്ടെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.ഒരേ കേസില്‍ വിവേചനമരുതെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണു മാണിയോടു മന്ത്രിസഭയിലേക്കു മടങ്ങിവരാന്‍ യോഗം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ നിയമതടസമുണ്ടോയെന്നു പരിശോധിച്ച് മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണു തീരുമാനമെടുക്കേണ്ടത്.മുഖ്യമന്ത്രിയും കെ.എം. മാണിയും ബജറ്റ് അവതരിപ്പിക്കരുതെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യം യു.ഡി.എഫ്. തള്ളി. അന്ന് ആരാണോ ധനമന്ത്രി, അദ്ദേഹം ബജറ്റ് അവതരിപ്പിക്കും. നിയമസഭയില്‍ ചര്‍ച്ചചെയ്തു പാസാക്കുകയും ചെയ്യും. മുഖ്യമന്ത്രി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ. ബാബു എന്നിവര്‍ക്കു മുന്നണിയോഗം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചതായി പി.പി. തങ്കച്ചന്‍ അറിയിച്ചു.
രാഷ്ട്രീയപ്രചാരണജാഥകള്‍ നടക്കുന്നതിനാല്‍ മുസ്ലിം ലീഗ് നേതാക്കളും കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനും ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തില്ല. സുധീരന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി യോഗത്തിനിടെ ടെലിഫോണില്‍ ബന്ധപ്പെട്ടാണു തീരുമാനങ്ങളെടുത്തത്.