കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ രാജാമണി (60) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മികച്ച വയലിനിസ്റ്റും കര്‍ണാടക സംഗീതജ്ഞനുമായിരുന്നു അദ്ദേഹം. തമിഴ് പണ്ഡിതനും സംഗീതജ്ഞനും അധ്യാപകനുമായിരുന്ന ബി കെ അരുണാചലം അണ്ണാവിയുടെ കൊച്ചു മകനാണ് രാജാമണി.
മലയാളത്തിലടക്കം എഴുപതോളം ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. പത്തോളം ഭാഷകളിലായി 735 സിനിമകള്‍ക്ക് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്. ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീത സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ‘നുള്ളി നോവിക്കാതെ’ യാണ് സംഗീതം നല്‍കിയ ആദ്യ സിനിമ. മകന്‍ അച്ചു രാജാമണിയും പശ്ചാത്തല സംഗീത സംവിധായകനും ഗായകനുമാണ്. താളവട്ടം, ദി ന്യൂസ്, കേളികൊട്ട്, മൈ ഡിയര്‍ റോസി, ജീവിതം ഒരു രാഗം, എല്‍സമ്മ എന്ന ആണ്‍കുട്ടി, പോക്കിരിരാജ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. കൂട്ടില്‍ നിന്നും (താളവട്ടം), മഞ്ഞിന്‍ ചിറകുള്ള (സ്വാഗതം) തുടങ്ങിയ ഗാനങ്ങള്‍ പ്രസിദ്ധമാണ്.